പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് സന്ദേശവുമായി ഹരിത റാലി
പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പകരാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഏപ്രില്‍ നാലിന് ഹരിത റാലി നടത്തും. വൈകുന്നേരം മൂന്നിന് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി കോട്ടച്ചേരിയില്‍ സമാപിക്കും. ഹരിത തെരഞ്ഞെടുപ്പ് ലോഗോ പതിച്ച ജേഴ്‌സിയണിഞ്ഞ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍, വളണ്ടിയര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ശുചിത്വ മിഷന്‍ ജീവനക്കാര്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കും. ഹരിത സന്ദേശം ഉള്ളടക്കം ചെയ്ത പരമ്പരാഗത വസ്തുക്കള്‍ക്കൊണ്ട് ഉണ്ടാക്കിയ പ്ലക്കാര്‍ഡുകള്‍, തുണിയില്‍ തയ്യാറാക്കിയ ബാനറുകള്‍ എന്നിവ റാലിയില്‍ അണിനിരത്തും. ഹരിത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സന്ദേശം വിളിച്ചോതുന്ന വാഹനവും റാലിക്ക് അകമ്പടിയേകും.
പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ മുതലായവ ഒഴിവാക്കി പുന:ചക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് ഹരിത റാലി സംഘടിപ്പിക്കുന്നത്. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഒഴിവാക്കേണ്ട വസ്തുക്കള്‍, പകരം സ്വീകരിക്കേണ്ട വസ്തുക്കള്‍ തുടങ്ങിയവയെ കുറിച്ചുള്ള സന്ദേശമാണ് റാലിയില്‍ ഉള്‍പ്പെടുക.
- Log in to post comments