സൂര്യാതപം- വളര്‍ത്തുമൃഗങ്ങളിലും വേണം മുന്‍ കരുതലുകള്‍
ജില്ലയില്‍ സൂര്യതാപനില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പക്ഷിമൃഗാദികള്‍ക്കും വേനല്‍ക്കാല പരിരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഉയര്‍ന്ന അന്തരീക്ഷ താപനില മനുഷ്യരെപ്പോലെ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കാറുണ്ട്. വളര്‍ത്തു മൃഗങ്ങളെ തുറസ്സായസ്ഥലത്ത് മേയാന്‍ വിടുമ്പോഴും തീരെ വായുസഞ്ചാരമില്ലാത്ത തൊഴുത്തുകളില്‍ സ്ഥിരമായി കെട്ടുമ്പോഴും സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
കൂടിയ ശ്വാസനിരക്ക്, വായില്‍ നിന്നും ക്രമാതീതമായ ഉമിനീര് ഒഴുക്ക് എന്നിവയില്തുടങ്ങി പിന്നീട് വിറയല്‍ അനുഭവപ്പെടുകയും കൈകാലുകളുടെ ചലനശേഷി ഇല്ലാതായി വളര്‍ത്തുമൃഗങ്ങള്‍ വീണുപോവുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ മൃഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ നിന്നും വൈദ്യസഹായം തേടണമെന്നും അത്യാഹിതം സംഭവിച്ചാല്‍ കൃത്യവിവരങ്ങള്‍ അവിടെ അറിയിക്കണമെന്നും ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
മുന്‍കരുതലുകള്‍
• രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ മൃഗങ്ങളെ തുറസ്സായസ്ഥലത്ത് മേയാന്‍ വിടരുത്. തൊഴുത്തിന് പുറത്ത് മരത്തണലുകളിലും നല്ല കാറ്റ് ലഭിക്കുന്ന സ്ഥലങ്ങളിലും കാലികളെ കെട്ടാം.
• കൂടുതല്‍ ഉരുക്കളെ വളര്‍ത്തുന്ന തൊഴുത്തുകളില്‍ ഫാന്‍, മിസ്റ്റ്സ്പ്രേയര് തുടങ്ങിയവ ഉപയോഗിക്കണം.
• തൊഴുത്തുകളുടെ മേല്ക്കൂരയില്ഓല, ഇലകള്‍ തുടങ്ങിയവ വിരിക്കാം. വശങ്ങളില് നനവുള്ള ചണചാക്കോ, കട്ടിയുള്ള തുണിയോ തൂക്കിയിട്ടു കൊടുക്കാം.
• സമീകൃതതീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് ആറിന് ശേഷവും നല്‍കണം. വൈക്കോല്‍ രാത്രിയിലും അതിരാവിലെയും മാത്രം നല്‍കുക. പകല്‍ സമയത്ത് കഴിവതും പച്ചപ്പുല്ല് നല്കാന് ശ്രമിക്കണം. ഫാമുകളില്‍ ഓട്ടോമാറ്റിക് ഡ്രിങ്കറുകള്‍ ക്രമീകരിക്കുന്നതാണ് ഉത്തമം.
• വേനല്‍ക്കാലത്ത് ചെള്ള്, ഉണ്ണി തുടങ്ങിയ ബാഹ്യപരാദങ്ങള്‍ കൂടുവാന്‍ സാധ്യത ഉള്ളതിനാല്‍ ഇവക്കെതിരെയുള്ള മരുന്നുകള്‍ ഉപയോഗിക്കണം.
• കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ഡയറി ഫാമുകളില്‍ മഴവെള്ള സംഭരണികള്‍, ജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിനുള്ള റീസൈക്ലിംങ് പ്ലാന്റുകള്‍, കിണര്‍ റീചാര്‍ജിംഗ് തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തുക.
• ആടുകള്‍ക്ക് കാല്‍സ്യം, വൈറ്റമിന്‍ ടോണിക്കുകള്‍ സ്ഥിരമായി നല്‍കണം
• കോഴികള്‍ക്ക് കൂടുകളില്‍ കൂടുതല്‍ സ്ഥലം നല്‍കുകയും ഫാന്‍, എക്സോസ്റ്റ് ഫാന്‍ തുടങ്ങിയവ ഉപയോഗിച്ച് വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണം.
• നായ്ക്കളിലും മറ്റ് ഓമന മൃഗങ്ങള്‍ വെള്ളംകുടിക്കുന്നുണ്ടെങ്കില് തണുപ്പിച്ച ശുദ്ധജലം ഗ്ലൂക്കോസ്കലര്ത്തി നല്‍കാം. നായയുടെശരീരം നനഞ്ഞ തുണി ഐസ്പാഡ് ഉപയോഗിച്ച് തണുപ്പിക്കുക.
- Log in to post comments