Skip to main content

സ്ഥാനാർത്ഥിയുടെ കയ്യിൽ 1210 രൂപ;ഭാര്യയുടെ പക്കൽ 635 രൂപ

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച മനു സി. പുളിക്കലിന്റെ കയ്യിലുള്ളത് 1210രൂപ. ഭാര്യ റോഷൻ തോമസിന്റെ കയ്യിൽ 635 രൂപയും രണ്ടാം ആശ്രിതയായ മാതാവ് ആലീസ് സിറിയക്കിന്റെ കയ്യിൽ 1500 രൂപയുമുണ്ട്.

സ്ഥാനാർത്ഥിക്ക് 597168.74രൂപയുടെയും ഭാര്യക്ക് 1637972.80 രൂപയുടെയും ആസ്തിയുണ്ട്. ഒന്നാമത്തെ ആശ്രിതയുടെ പേരിൽ 35000രൂപയും രണ്ടാമത്തെ ആശ്രിതയുടെ പേരിൽ 351575.17രൂപയുടെ ആസ്തിയുമുണ്ട്.
സ്ഥാനാർത്ഥിക്ക് 315297 രൂപയുടേയും ഭാര്യക്ക് 35000 രൂപയുടെയും ബാധ്യതയുമുണ്ട്. രണ്ടാമത്തെ ആശ്രിതയ്ക്ക് 231606രൂപയുടെ ബാധ്യതയാണുള്ളത്.

സ്ഥാനാർത്ഥിക്ക് പിൻതുടർച്ചയായി കിട്ടിയ ആസ്തി ഇനത്തിൽ 500000രൂപയുടേയും രണ്ടാമത്തെ ആശ്രിതയ്ക്ക് 7066000രൂപയുടേയും ആസ്തിയുണ്ടെന്ന് വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

മോക്ക് പോൾ നടത്തി
ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിന് എത്തിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ മോക്ക് പോൾ നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മോക്ക് പോൾ നടത്തിയത്. 80 വോട്ടിംഗ് യന്ത്രങ്ങൾ, വിവിപ്പാറ്റ്, ബാലറ്റ് യൂണിറ്റുകൾ എന്നിവയാണ് തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുള്ളത്. മധുരയിൽ നിന്നുമാണ് ഇവ എത്തിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അബ്ദുൽസലാം ലബ്ബ, ടി.വി. രാജൻ, ജി. മോഹനൻ, സുഭാഷ് ബാബു, ഡപ്യൂട്ടി കളക്ടർ ഗ്രിഗറി കെ. ഫിലിപ്പ്, വിവിധ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

വാഹനങ്ങൾക്കും, റാലിക്കും അനുമതി വാങ്ങണം

ആലപ്പുഴ:  അരൂർ നിയമസഭമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദ്ദേശപത്രിക സമർപ്പിച്ച തിയതി മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്  വരണാധികാരിയിൽ നിന്ന് മുൻകൂർ അനുമതിപത്രം വാങ്ങേണ്ടതും പെർമിറ്റ് വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ പതിപ്പിക്കേണ്ടതുമാണ്. പ്രചരണത്തിനായി നടത്തുന്ന സമ്മേളനങ്ങൾ, റാലി, മറ്റ് പരിപാടികൾ എന്നിവയുടെ വിശദാംശങ്ങളും വരണാധികാരിയെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു.

 
 

date