Skip to main content

മറയൂരില്‍  കില എക്സ്റ്റന്‍ഷന്‍ ട്രെയിനിങ്ങ് സെന്ററിന്റെ ഗോത്രായനം

കൊട്ടാരക്കര കില എക്സ്റ്റന്‍ഷന്‍ ട്രെയിനിങ്ങ് സെന്ററിന്റെ നേതൃത്വത്തില്‍  ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വി.ഇ.ഒ. ഇന്‍-സര്‍വീസ് പരിശീലനാര്‍ത്ഥികളുടെ ഗോത്രായനം ഞായറാഴ്ച (13) തുടങ്ങും.  മറയൂര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പട്ടിക ഗോത്രവര്‍ഗ  സങ്കേതങ്ങളിലാണ് ഗോത്രായനം എന്ന പഠന പരിശീലന പരിപാടി നടത്തുന്നത്.  പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ഇന്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായാണ് ഗോത്രായനം.
ഗ്രാമ-ബ്ലോക്കു പഞ്ചായത്തുകളിലെ   ഫീല്‍ഡ് തല  ഉദ്യോഗസ്ഥരെന്ന നിലയില്‍  ഗോത്രവര്‍ഗ ജനങ്ങളെ അടുത്തറിയാനും അവരുടെ  ജീവിത രീതികള്‍ കണ്ടു മനസിലാക്കാനുമാണ്  ഗോത്രായനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കില ഇറ്റിസി പ്രിന്‍സിപ്പലായ ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള പഠന സംഘത്തില്‍   ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ്  ജില്ലകളിലെ 30-ഓളം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരാണുള്ളത്.

പഠനത്തിന്റെ ഭാഗമായി വി.ഇ.ഒ.മാര്‍ സംഘമായി കാടും മലയും താണ്ടി  ദുര്‍ഘട പ്രദേശങ്ങളിലുള്ള  ഗോത്രവര്‍ഗ സങ്കേതങ്ങളിലെ ആദിവാസി വീടുകള്‍ സന്ദര്‍ശിക്കും. പ്രദേശത്തെ അംഗനവാടികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സാമൂഹിക കേന്ദ്രങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ആദിവാസികളുടെ തൊഴിലിടങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പൊതു സ്ഥാപനങ്ങളും സന്ദര്‍ശിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ജനപ്രതിനിധികള്‍, ഊരുമൂപ്പന്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ചകളും യോഗങ്ങളും പഠന പരിശീലനത്തിന്റെ ഭാഗമായി നടത്തും. ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് പരിധിയിലെ കാന്തല്ലൂര്‍, മറയൂര്‍ ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ്  സങ്കേത പഠനം നടത്തുന്നത്.

date