Skip to main content

ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവം ഒക്ടോബര്‍ 19, 20 തിയ്യതികളില്‍

 

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒമ്പതാമത് ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവം ഒക്ടോബര്‍ 19, 20 തിയ്യതികളില്‍ കൊടുവായൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇതിന് മുന്നോടിയായി ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. 150 അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയില്‍ ജില്ലയിലെ എം.പിമാര്‍, കെ.ബാബു എം.എല്‍.എ എന്നിവര്‍ മുഖ്യരക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയുമാണ്. ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നാല്, ഏഴ് പഠിതാക്കള്‍ക്കായി ആദ്യ വിഭാഗവും രണ്ടാം വിഭാഗത്തില്‍ പ്രേരക്മാരും മൂന്നാംവിഭാഗത്തില്‍ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കളുമാണ് ഉള്‍പ്പെടുന്നത്. സമഗ്ര, നവചേതന, ചങ്ങാതി, അട്ടപ്പാടി പദ്ധതികളുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായുള്ളതാണ് അടുത്ത വിഭാഗം. അഞ്ചാം വിഭാഗത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആറാം വിഭാഗത്തില്‍ ചങ്ങാതി പഠിതാക്കളും ഉള്‍പ്പെടുന്നു. 22 ഇനങ്ങളിലായാണ് മത്സരം. ആദ്യ ദിനത്തില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. കലോത്സവത്തിന് ആയിരത്തിലധികം പേര്‍ പങ്കെടുക്കും. സംസ്ഥാനതല കലോത്സവം തിരുവനന്തപുരത്താണ് നടക്കുക.
 
കൊടുവായൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല സ്വാഗതസംഘം രൂപീകരണ യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് ഉദ്ഘാടനം ചെയ്തു. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എന്‍.എസ്. ശില്പ, ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ ദീപ ജെയിംസ്, അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.വി. പാര്‍വ്വതി, പട്ടഞ്ചേരി, പുതുനഗരം, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, സാക്ഷരതാമിഷന്‍ പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date