Skip to main content

കോന്നി ബ്ലോക്കില്‍ ലൈഫ് പദ്ധതി കുടുംബസംഗമം ഇന്ന്(7);  സേവനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും 

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിപ്രകാരം സംസ്ഥാനത്ത് ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടു ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനോട് അനുബന്ധിച്ച് ജില്ലയിലെ നഗരസഭ, ബ്ലോക്ക് തലങ്ങളില്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമവും വിവിധ സേവന വകുപ്പുകളുടെ അദാലത്തും ഇന്നുമുതല്‍ ആരംഭിക്കും. കോന്നി ബ്ലോക്കിലെ കുടുംബ സംഗമം ഇന്ന് പ്രമാടം രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.  

കൂടാതെ അടൂര്‍, പന്തളം, പത്തനംതിട്ട, തിരുവല്ല നഗരസഭകളിലും ഇലന്തൂര്‍, കോയിപ്രം, മല്ലപ്പള്ളി, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ കുടുംബ സംഗമം നടക്കുക. ബ്ലോക്ക് പഞ്ചായത്തുകളില്‍ വിവിധ സേവന വകുപ്പുകളുടെ നേതൃത്വത്തില്‍ സ്റ്റാളുകളുടെ പ്രവര്‍ത്തനവും കുടുംബസംഗമത്തോടനുബന്ധിച്ച് ഒരുക്കും. സ്റ്റാളുകളില്‍ 60 ശതമാനം വിലക്കുറവില്‍ ഉത്പന്നങ്ങളും ലഭ്യമാകും. അതോടൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങളും ഈ സ്റ്റാളുകളില്‍ നിന്ന് ലഭിക്കും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, ഐ.ടി വകുപ്പ്(അക്ഷയ കേന്ദ്രം), ഫിഷറീസ്, വ്യവസായ വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, വനിതാ ശിശു വികസനം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടേയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,  ശുചിത്വ മിഷന്‍,  കുടുംബശ്രീ, ലീഡ് ബാങ്ക് എന്നിവയുടേയും സേവന സ്റ്റാളുകളാണ് കുടുംബസംഗമത്തില്‍ ഒരുക്കുന്നത്.

ഈ 17 സ്റ്റാളുകള്‍ക്ക് പുറമേ ഗ്യാസ് ഏജന്‍സിയുടെയും കെ.എസ്.ഇ.ബിയുടെയും സ്റ്റാളുകള്‍ കൂടി കുടുംബസംഗമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.എം.എ.വൈ (ജി), ലൈഫ് ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നീ വിഭാഗത്തിലൂടെ വീട് ലഭിച്ചവര്‍ക്ക് മാത്രമാണ് ഈ സ്റ്റാളുകളുടെ സേവനം ലഭ്യമാകുക. 

 

1. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്റ്റാളിലെ സേവനങ്ങള്‍

  വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, തൊഴില്‍രഹിത വേതനം, ജനന-മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സാക്ഷ്യപത്രം, സ്ഥിരതാമസ സാക്ഷ്യപത്രം എന്നിവയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും.

 

2. സിവില്‍ സപ്ലൈസ് വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

  റേഷന്‍കാര്‍ഡ് തിരുത്തല്‍ സംബന്ധിച്ച് അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കല്‍, മുന്‍ഗണനാ കാര്‍ഡ് അപേക്ഷകള്‍, പുതിയ റേഷന്‍കാര്‍ഡ് അപേക്ഷകള്‍, റേഷന്‍കാര്‍ഡില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ ലഭ്യമായിരിക്കും. 

 

3. കൃഷി വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

  കര്‍ഷക പെന്‍ഷന്‍ അപേക്ഷകള്‍, ടെറസില്‍ ഗ്രോബാഗ് കൃഷി സേവനം, വിത്തുകളുടെയും, തൈകളുടെയും വിതരണം, നൂതന കൃഷി സമ്പ്രദായങ്ങള്‍ സംബന്ധിച്ച അറിവ് നല്‍കല്‍ എന്നീ സേവനങ്ങളുണ്ടായിരിക്കും.

 

4. സാമൂഹ്യ നീതി വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

   ഭിന്നശേഷിക്കാരുടെയും വയോജനക്ഷേമ പരിപാടികളുടെയും അപേക്ഷ സ്വീകരിച്ച് സേവനം, സോഷ്യല്‍ സെക്യൂരിറ്റി, മിഷന്‍ മുഖേനയുള്ള സേവനങ്ങള്‍ സംബന്ധിച്ച അപേക്ഷ സ്വീകരിച്ച് നടപടി സ്വീകരിക്കലും ബോധവല്‍ക്കരണവും, വയോമധുരം, മന്ദഹാസം തുടങ്ങിയ പദ്ധതി മുഖേനയുള്ള സേവനങ്ങള്‍, ബാധവല്‍ക്കവണ ബ്രോഷര്‍ വിതരണം തുടങ്ങിയവ ലഭ്യമാണ്. 

 

5. കുടുംബശ്രീ സ്റ്റാളിലെ സേവനങ്ങള്‍

   സ്വയംതൊഴില്‍ പദ്ധതി രജിസ്‌ട്രേഷനും ബോധവല്‍ക്കരണവും, നൈപുണ്യ വികസനം, സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഹെല്‍പ് ഡെസ്‌ക്, തൊഴില്‍ അധിഷ്ഠിത പരിശീലനം, കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍, ബ്രോഷര്‍ വിതരണം എന്നിവ ലഭ്യമാകും. 

6. ഐ.ടി വകുപ്പ് (അക്ഷയകേന്ദ്രം)

  ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ പുതുക്കല്‍, ആധാര്‍ വിവരങ്ങളില്‍ മാറ്റം വരുത്തല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡ് അപേക്ഷ, പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന അംഗമാക്കല്‍, പ്രധാനമന്ത്രി ജീവന്‍ ജ്യോതി എന്നീ സേവനങ്ങള്‍ ലഭ്യമാണ്.

 

7. ഫിഷറീസ് വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

  വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ തീരമൈത്രി യൂണിറ്റുകളില്‍ അംഗത്വം, കുളം, പുഴ പാട്ടത്തിനെടുത്ത് മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, ജനകീയ മത്സ്യകൃഷി പദ്ധതി, വനിതകള്‍ക്കൊരു മീന്‍തോട്ടം, 40 ശതമാനം സബ്‌സിഡിയുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.

 

8. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്റ്റാളിലെ സേവനങ്ങള്‍

   ഗുണഭോക്താക്കള്‍ക്ക് 90 ദിവസത്തെ തൊഴില്‍ദിന ലഭ്യത ഉറപ്പാക്കല്‍, നഗര പ്രദേശങ്ങളിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, തൊഴില്‍ കാര്‍ഡ് വിതരണം, കിണര്‍ നിര്‍മാണം, മഴവെള്ളക്കൊയ്ത്ത്, വേലി നിര്‍മാണം, പശുത്തൊഴുത്ത്, കോഴിക്കൂട്, ആട് വളര്‍ത്തല്‍, വര്‍ക്ക് ഷെഡ് നിര്‍മാണം, എം.കെ.എസ്.പി മുഖേന തെങ്ങ് കയറ്റ പരിശീലനം, ജലസംരക്ഷണം, മാലിന്യ ശേഖരണം, ജിവനോപാധികള്‍ എന്നിയുടെ പദ്ധതികള്‍, 12 രൂപ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് സ്‌കീം എന്നീ സേവനങ്ങളുണ്ടാകും.

 

9. വ്യവസായ വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

  തൊഴില്‍ വൈദഗ്ധ്യമുള്ള കുടുംബങ്ങളെ പഞ്ചായത്തിലുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് സൊസൈറ്റികളില്‍ അംഗങ്ങളാക്കല്‍, തൊഴില്‍ദായക പദ്ധതികള്‍ പരിചയപ്പെടുത്തല്‍, നാനോ ഹൗസ്‌ഹോള്‍ഡ് പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, തദ്ദേശസ്വയംഭരണ തലത്തില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നിവേദനം എന്നീ സഹായം ലഭ്യമാണ്. 

 

10. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

   ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് സ്‌കില്‍ ട്രെയിനിംഗ്, വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പോകാനുള്ള സൗകര്യമൊരുക്കല്‍, വനിതകള്‍ക്കും സ്വയംതൊഴില്‍ സഹായ സംഘങ്ങള്‍ക്കും സബ്‌സിഡി, ചികിത്സാ സഹായം ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കല്‍, വകുപ്പ് വഴി ലഭ്യമാക്കുന്ന വിവിധ പദ്ധതികളുടെയും സേവനങ്ങളുടെയും ബോധവല്‍ക്കരണം, കുടുംബങ്ങളുടെ തുടര്‍ ആവശ്യകത വിലയിരുത്തല്‍, കടം എഴുതിത്തള്ളുന്ന പദ്ധതി എന്നീ സേവനങ്ങള്‍ കുടുംബസംഗമത്തില്‍ ലഭ്യമാകും. 

 

11. ക്ഷീര വികസന വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

   പശു വളര്‍ത്തലുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം, ക്ഷീര സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കു ലഭ്യമാകുന്ന പ്രയോജനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം എന്നിവ ലഭ്യമാകും.

 

12. ആരോഗ്യ വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

    സൗജന്യ വൈദ്യ പരിശോധന, ജീവിതശൈലി രോഗ ബോധവല്‍ക്കരണ ക്ലിനിക്കുകള്‍, രോഗപ്രതിരോധ മാര്‍ഗരേഖ കൗണ്‍സിലിംഗ്, ആര്‍ദ്രം ജനകീയ കാമ്പയിന്‍.

 

13. റവന്യൂ വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍, സാക്ഷ്യപത്ര വിതരണം, സി.എം.ഡി.ആര്‍.എഫ് അദാലത്ത്.

 

14. ശുചിത്വ മിഷന്‍ സ്റ്റാളിലെ സേവനങ്ങള്‍

 

 മാലിന്യ സംസ്‌കരണ മാര്‍ഗത്തെക്കുറിച്ച് ഗുണഭോക്താക്കളെ ബോധവല്‍ക്കരിക്കല്‍, സോക്പിറ്റ് നിര്‍മിക്കുന്നതിനുള്ള സഹായം, ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് ശുചിത്വ മിഷന്‍ കലണ്ടര്‍ തയാറാക്കി നല്‍കല്‍ എന്നിവ ലഭ്യമാകും.

 

15. വനിതാ ശിശു വികസന വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

  അംഗനവാടികളില്‍ പോകാത്ത കുട്ടികള്‍, കിടപ്പ് രോഗികള്‍ എന്നിവരെ കണ്ടെത്തി സഹായം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍.

 

16. ഗ്രാമവികസന വകുപ്പ് സ്റ്റാളിലെ സേവനങ്ങള്‍

 എം.കെ.എസ്.പി പദ്ധതിയില്‍ ഉള്‍പ്പെടുന്ന തെങ്ങുകയറ്റം, കൃഷി തുടങ്ങിയവയ്ക്ക് യന്ത്രങ്ങള്‍ സൗജന്യമായി നല്‍കല്‍.

 

17. ലീഡ് ബാങ്ക് സ്റ്റാളിലെ സേവനങ്ങള്‍

 

 അക്കൗണ്ട് ഓപ്പണിംഗ്, അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍  ചേര്‍ക്കല്‍, കുറഞ്ഞ ചിലവില്‍ ചേരാവുന്ന ലൈഫ് ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് പോളിസികളില്‍ ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍

 

date