വികസനം ബഹുജന പങ്കാളിത്തത്തോടെ ആകണം : മന്ത്രി എ.സി. മൊയ്തീൻ
നാടിന്റെ വികസനം ബഹുജന പങ്കാളിത്തത്തോടെ ആകണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പഴയന്നൂർ ദാറുസ്സലാം മദ്രസ്സ ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷൻ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ്മിഷൻ ഭവന നിർമ്മാണത്തിലൂടെ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് തികച്ചും മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബ്ലോക്കിൽ രണ്ട് ഘട്ടങ്ങളിലായി ആകെ 1405 വീടുകളുടെ നിർമാണം ആണ് പൂർത്തീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ലൈഫ് മിഷന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പണി പൂർത്തീകരിക്കുകയും തുടർന്ന് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു കൊടുക്കുകയുമാണ് ചെയ്തത്. അടുത്തഘട്ടത്തിൽ ഭൂരഹിത ഭവന രഹിതർക്കാണ് വീടുകൾ നിർമിച്ചു കൊടുക്കുക. കുടുംബശ്രീ, റവന്യൂവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഫിഷറീസ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, വ്യവസായ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഗ്രാമീണ വികസന വകുപ്പ് തുടങ്ങി 20-ഓളം വകുപ്പുകൾ കുടുംബ സംഗമത്തിനോട് അനുബന്ധിച്ച് നടന്ന അദാലത്തിൽ പങ്കെടുത്തു. കൂടാതെ ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണം പൂർത്തീകരിക്കാൻ ആവശ്യമായ ഇലക്ട്രിക്കൽ സാനിറ്ററി സാമഗ്രികൾ 50 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്നതിന് പ്രത്യേകം സ്റ്റാളുകളും ക്രമീകരിച്ചു.
വിവിധ വകുപ്പുകളിൽ സ്വയംതൊഴിൽ സംരംഭങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് എന്നിവയിലെ തെറ്റുതിരുത്തൽ എന്നിങ്ങനെ തദ്ദേശീയമായി ഇടപെട്ട് ഒട്ടേറെ സേവനങ്ങൾ അദാലത്തിൽ കൈകാര്യം ചെയ്തു.
യു.ആർ പ്രദീപ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ് മുഖ്യാതിഥിയായി. ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ദ്വീപ് എസ് നായർ, ജില്ലാ പഞ്ചായത്ത് അംഗം ജി.വേണുഗോപാല മേനോൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.പി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പത്മകുമാർ, തിരുവില്ലാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ആർ മണി, പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുലേഖ പ്രദീപ്, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.തങ്കമ്മ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു.
- Log in to post comments