Skip to main content

ഭൗമസൂചിക പദവി നേടിയ കാർഷികോൽപ്പന്നങ്ങളുടെ സമാന്തര ഉൽപാദനവും വിപണനവും വെല്ലുവിളി : സെമിനാർ

ഒരു പ്രദേശത്ത് മാത്രം ഉൽപാദിപ്പിച്ച് ഭൗമ സൂചിക പദവി നേടിയ കാർഷികോൽപ്പന്നങ്ങളുടെ സമാന്തരമായ ഉൽപാദനവും വിപണനവും മറ്റിടങ്ങളിൽ കണ്ടുവരുന്ന കൃഷിരീതി വെല്ലുവിളിയാണെന്ന് കർഷക പ്രതിനിധികൾ. വൈഗയിൽ കാർഷികോൽപ്പന്നങ്ങളുടെ ഭൗമ സൂചിക പദവി: ചങ്ങാലിക്കോടൻ വാഴപ്പഴം, മറയൂർ ശർക്കര എന്ന വിഷയത്തിലാണ് കർഷക പ്രതിനിധികൾ നയം വ്യക്തമാക്കിയത്.
ചില പ്രദേശങ്ങളിലെ കർഷകർ തങ്ങളുടെ ക്രിയാത്മകമായ കൃഷി രീതി ഉപയോഗിച്ചാണ് കാർഷികോൽപ്പന്നങ്ങൾ വിളയിച്ചെടുത്ത് വിപണിയിൽ എത്തിക്കുന്നത്. എന്നാൽ ഇതിന്റെ അനുകരണം പോലെ മറ്റിടങ്ങളിലും ഇത്തരം കൃഷിരീതികൾ വ്യാപിക്കുന്നു. എന്നാൽ അത്തരം കൃഷി വിളകൾക്ക് ഭൗമ സൂചിക പദവി നേടിയ കാർഷികോൽപ്പന്നങ്ങളേക്കാൾ വില കുറച്ചു വിൽക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഇത് സർക്കാർ ഇടപെട്ട് തടയണമെന്നും സെമിനാർ ആവശ്യപ്പെട്ടു
തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മാത്രം കൃഷി ചെയ്തുവരുന്ന ചെങ്ങാലിക്കോടൻ വാഴപ്പഴം കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഓണക്കാലത്ത് കയറ്റി അയക്കുന്ന രീതി തുടരുമെന്നും എന്നാൽ ഇതിന് സർക്കാർ ആനുകൂല്യമായി നൽകുന്ന തുക ഇനിയും വർധിപ്പിക്കണമെന്നും ചെങ്ങാലിക്കോടൻ ബനാന ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൻ അഭിപ്രായപ്പെട്ടു.
ഇടുക്കി ജില്ലയിൽ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കര തമിഴ്നാട്ടിൽ നിന്ന് ഇതേ പേരിൽ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനെ തടയാൻ സർക്കാർ ശ്രമങ്ങൾ നടത്തണമെന്നും മറയൂർ അഞ്ചുനാട് കരിമ്പ് ഉൽപാദക വിപണന സംഘം സെക്രട്ടറി വിജയൻ പറഞ്ഞു.
മറയൂർ ശർക്കര ഉൽപാദിപ്പിക്കുന്ന കർഷകർക്ക് വിപണിയിൽ കിലോയ്ക്ക് 40 രൂപ മാത്രം ലഭിയ്ക്കുമ്പോൾ വ്യാജ പേരിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന മറയൂർ ശർക്കര 100 രൂപയ്ക്കാണ് വിറ്റുപോകുന്നതെന്നും വിജയൻ വ്യക്തമാക്കി. കെ എ യു പ്രൊഫ. ഡോ. സി ആർ എൽസി മോഡറേറ്ററായിരുന്നു.

date