കേരളത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ അന്തരീക്ഷം: ശിവദാസ് ബി. മേനോൻ
കേരളത്തിൽ ഇപ്പോൾ വ്യവസായം തുടങ്ങാൻ പറ്റിയ അന്തരീക്ഷമാണെന്ന് കാർഷികാധിഷ്ഠിത വ്യവസായത്തിൽ വിജയഗാഥ രചിച്ച ഇൻഡസ് എൻട്രപ്രണേഴ്സ് കേരള മുൻ പ്രസിഡൻറ് ശിവദാസ് ബി. മേനോൻ പറഞ്ഞു. വൈഗ 2020ന്റെ ഭാഗമായി 'യുവസംരംഭകരിലൂടെ കൃഷിയുടെ പരിവർത്തനം' എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായം തുടങ്ങാനുള്ള മാനസികാവസ്ഥ ഉണ്ടാക്കുകയാണ് വേണ്ടത്. സംരംഭകർക്ക് സാമ്പത്തിക സഹായം നൽകാൻ കാർഷിക സർവകലാശാലയും നബാർഡും മറ്റും തയാറാണ്. ചകിരിച്ചോർ അധിഷ്ഠിത വ്യവസായം തുടങ്ങി താൻ ഇന്ന് 22 രാജ്യങ്ങളിലേക്ക് ചകിരിച്ചോർ കയറ്റി അയക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചകിരിച്ചോർ ഉൽപാദനം കേരളത്തിലെ കർഷകർക്ക് ചെയ്യാൻ കഴിയും. വാങ്ങാൻ താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഹൈടെക് സാങ്കേതികവിദ്യ ആവശ്യമുള്ളതൊന്നുമല്ല ഇത്. അടുത്തിടെ ഗൾഫിൽനിന്ന് 200 ടൺ വേർമി കമ്പോസ്റ്റിന്റെ ഓർഡർ കിട്ടി. ആകെ കിട്ടിയത് 15 ടൺ ആണ്. എന്തുകൊണ്ട് വേർമി കമ്പോസ്റ്റ് നമ്മുടെ ഫാമിൽ ഉണ്ടാക്കികൂടെന്ന് അദ്ദേഹം ചോദിച്ചു.
നൂതന ആശയം വികസിപ്പിക്കുന്നതിന് കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ വിജ്ഞാൻ യോജന (ആർ.കെ.വി.വൈ) പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയും നൂതന ആശയത്തിന്റെ വാണിജ്യവത്കരണത്തിന് 25 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാണെന്ന് കാർഷിക സർവകലാശാല പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. കെ.പി. സുധീർ പറഞ്ഞു. കാർഷിക രംഗത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി ആർക്കും കാർഷിക സർവകലാശാലയുടെ ഇൻക്യുബേറ്ററിനെ സമീപിക്കാം. കർഷകനെ സംരംഭകരാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിന് കർഷകന്റെ നൈപുണ്യ വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ്മകളിലൂടെയേ കർഷകർക്ക് നിലനിൽക്കാൻ കഴിയുകയുള്ളൂവെന്ന് നബാർഡ് ഡി.ഡി.എം ദീപ പിള്ള പറഞ്ഞു. കർഷക കൂട്ടായ്മകളെ കണ്ടെത്തി പ്രൊഡ്യുസർ കമ്പനിയാക്കി മാറ്റാനാണ് നബാർഡ് ശ്രമം. കേരളത്തിൽ നബാർഡ് സഹായത്തോടെ രൂപം നൽകിയ 129 ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളുണ്ട്. 29 നാളികേര പ്രൊഡ്യൂസർ കമ്പനികളുമുണ്ട്. ഇതിൽ ഏതാനും കമ്പനികളുടെ സ്റ്റാളുകൾ വൈഗയിൽ ഉണ്ടെന്നും അവർ പറഞ്ഞു. ഏറ്റവും കൂടുതൽ കമ്പനികൾ വയനാട്ടിലാണ്. നബാർഡിന്റെ സഹായത്തോടെ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് മാത്രമേ സഹായം നൽകൂവെന്നും ഡി.ഡി.എം പറഞ്ഞു.
ഹൈദരാബാദ് മാനേജ് ഡയറക്ടർ ഡോ. ശരവ രാജ്, ബംഗളൂരു നാഗാഫാംസിന്റെ നാഗരാജാ പ്രകാശം എന്നിവരും സംസാരിച്ചു. ഐ.ടി സെക്രട്ടറി എം. ശിവശങ്കർ ആമുഖപ്രഭാഷണം നടത്തി. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് മോഡറേറ്റായി.
- Log in to post comments