Skip to main content

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമം വിപുലമായി സംഘടിപ്പിക്കും സംഗമം ജനുവരി 25ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍

ലൈഫ് ഭവനപദ്ധതിപ്രകാരം വീടു നിര്‍മ്മാണം പൂര്‍ത്തിയായ ഗുണ ഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമം ജനുവരി 25ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സംഗമം വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ ചേംബറില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ധാരണയായി. ലൈഫ് പദ്ധതി പ്രകാരം 13,000 വീടുകള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം ചടങ്ങില്‍ നടക്കും.
പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, ഏറ്റെടുത്ത വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കും. പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വീടു നിര്‍മ്മാണത്തിനു സൗജന്യമായി ഭൂമി വിട്ടുകൊടുത്ത സ്വകാര്യ ഭൂവുടമകള്‍ എന്നിവരെ അനുമോദിക്കും. ലൈഫ് ഭവന പദ്ധതി വിഷയമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ രണ്‍ുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുന്നതിന് മുന്നോടിയായാണ് ജില്ലാതലത്തില്‍ ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തികൊണ്‍് ജില്ലാതലസംഗമം സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍, പി.എം.എ.വൈ പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ സി.രാജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date