താനൂര്‍ ഗവ. കോളജിന് ഈ മാസം സ്ഥലമേറ്റെടുക്കും കിറ്റ് കോ പ്രതിനിധികള്‍ നിര്‍ദിഷ്ട പദ്ധതി സ്ഥലം സന്ദര്‍ശിച്ചു
താനൂര്‍ ഗവ.കോളജിനായി സ്ഥിരം ക്യാമ്പസ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനുവരി അവസാനത്തോടെ ഒഴൂരിലെ 5.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ഏപ്രില്‍ ആദ്യ വാരത്തോടെ ഒന്നാം ഘട്ട കെട്ടിട നിര്‍മ്മാണവും തുടങ്ങും. സ്ഥലം ഏറ്റെടുക്കുന്നതിനായി എട്ട് കോടി രൂപയും ഭൗതിക സാഹചര്യ വികസനത്തിനായി 10 കോടി രൂപയും കിഫ്ബി മുഖേന അനുവദിച്ച സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പിന് മേല്‍നോട്ടചുമതലയുള്ള കിറ്റ് കോ അധികൃതര്‍ ഉടന്‍ കിഫ്ബി യിലേക്ക് പ്രൊജക്ട് സമര്‍പ്പിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നിര്‍വഹണം. ആദ്യഘട്ടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ലൈബ്രറി, കാന്റീന്‍, ചുറ്റുമതില്‍ എന്നിവ പണിയാനാണ് തീരുമാനമെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്‍െന്നും വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. സ്വകാര്യ വ്യക്തിയില്‍ നിന്ന് ഒഴൂരിലെ 5.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കിറ്റ് കോ കണ്‍സല്‍ട്ടന്റുമാരായ എസ്.ജെ വിഷ്ണു, നിമിഷ സണ്ണി എന്നിവര്‍ ഇന്നലെ ( ജനുവരി ആറിന് ) നിര്‍ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കിറ്റ് കോ കണ്‍സല്‍ട്ടന്റുമാര്‍ എംഎല്‍എ, പഞ്ചായത്ത് അധികൃതര്‍,കോളജ് പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചന നടത്തി. താനൂര്‍ ഗവ. കോളജിന് സ്വന്തം ക്യാമ്പസും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് കിറ്റ് കോ പ്രതിനിധികള്‍ അറിയിച്ചു.
- Log in to post comments