Skip to main content

അമ്പലപ്പുഴ ബ്ലോക്ക്‌ കുടുംബ സംഗമത്തിൽ നിറമനസോടെ ലൈഫ് കുടുംബങ്ങള്‍

ആലപ്പുഴ:സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു മുന്നോടിയായി അമ്പലപ്പുഴ ബ്ലോക്ക്‌ തല കുടുംബ സംഗമവും അദാലത്തും നടന്നു. അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് അങ്കണത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനത്തെ വീടില്ലാത്ത രണ്ടു ലക്ഷം ആളുകൾക്ക്  വീട് നൽകുന്നു എന്നത് ചെറിയ കാര്യമല്ല. ഏറെ ശ്‌ളാഘനീയ  പ്രവർത്തനമാണ്സംസ്ഥാന സർക്കാരിന്റേത്.ജില്ലയിൽ 13667 പേർക്കാണ് വീടുകൾ ലഭിക്കുന്നത്. ഇതിന്റെ ജില്ലതല പ്രഖ്യാപനം  18 ന് നടക്കും.ജില്ലയിലെ പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നിവടങ്ങളിലെ  1384 വാർഡുകളിൽ നിന്നും  ഓരോ ഗുണഭോക്തൃ പ്രതിനിധികളെ ഉൾപ്പെടുത്തിയായിരിക്കും പരിപാടി എന്നും വേണുഗോപാൽ പറഞ്ഞു.

സ്വപ്നം മാത്രമായിരുന്ന വീട് സ്വന്തമായതിന്‍റെ ആഹ്ലാദത്തിലായിരുന്നു സംഗമത്തിനെത്തിയവരെല്ലാം.അദാലത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമായി. ലൈഫ് മിഷൻ ഗുണഭോക്താക്കളായ 556 കുടുംബങ്ങളില്‍ നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തു.ഗുണഭോക്താക്കളുടെ ഒത്തുചേരലിനു പുറമെ അവര്‍ക്ക് തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇരുപത്തിമൂന്ന്  വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി എസ് മായാദേവി,സെക്രട്ടറി വി ജെ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുവർണ പ്രതാപൻ, സുധർമ്മ ഭുവനചന്ദ്രൻ, ജി വേണുലാൽ, ജില്ല ദരിദ്ര ലഘൂകരണ  വിഭാഗം പ്രൊജക്റ്റ്‌ ഡയറക്ടർ ജെ ബെന്നി, ലൈഫ് മിഷൻ ജില്ല കോഓർഡിനേറ്റർ പി പി ഉദയസിംഹൻ എന്നിവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും നിർവ്വഹണ ഉദ്യോഗസ്ഥരെയും  ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌  ഫലകം നൽകി ആദരിച്ചു

date