മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് :ലൈഫ് മിഷന് കുടുംബ സംഗമവും, അദാലത്തും ഇന്ന് (10-01-2020)
ആലപ്പുഴ:മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, തെക്കേക്കര, തഴക്കര പഞ്ചായത്തുകളില്‍, ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഇന്ന് (2020 ജനുവരി 10,ശനി) ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. രാവിലെ ഒൻപതിന് രജിസ്ട്രേഷന് ആരംഭിക്കും. 9.45 ന് ആര് രാജേഷ് എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്യും. സജി ചെറിയാന് എംഎല്‍എ അദാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഗ്രാമപഞ്ചായത്തുകളേയും പദ്ധതി നിര്‍വഹണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരേയും അഡ്വ.യു പ്രതിഭ എംഎല്‍എ ആദരിക്കും . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് അധ്യക്ഷത വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട 789 ഗുണഭോക്താക്കളില്‍ 616 പേര്‍ക്കും ലൈഫ് മിഷനില്‍ മാവേലിക്കര ബ്ലോക്ക് വീട് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.ആകെ 18,05,89,719 രൂപ ചെലവഴിച്ചു.ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 235 ല്‍ 233 കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 381 ല്‍ 327 കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്കി. ഇതിന് പുറമേ പിഎം എവൈയില്‍ 20, റീബില്‍ഡില്‍ 36 വീടുകളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ലൈഫ് ഗുണഭോക്താക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐടി, ലീഡ് ബാങ്ക്, ഫിഷറീസ്,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ വഴി ലഭ്യമാകുന്ന അന്‍പതോളം സൗജന്യ സേവനങ്ങളുടെ ഉറപ്പാക്കലും അദാലത്തില്‍ നടക്കും. വീട് നിര്‍മ്മാണത്തിനാവശ്യമായ പെയിന്റ്, ടൈല്‍സ്, സാനിറ്ററി, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനുള്ള സ്റ്റാളുകളും അദാലത്തുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുണ്ട്.
- Log in to post comments