ഗ്രാമപഞ്ചായത്തുകള്‍ കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിക്കണം: ജില്ലാ കളക്ടര്‍
കുടിവെള്ള ക്ഷാമം നേരിടുന്നതിന് പഞ്ചായത്തുകള്‍ക്ക് നല്കിയിട്ടുളള കുടിവെള്ള കിയോസ്കുകള്‍ ഉചിതമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി നിര്‍ദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016-17 ല്‍ വിതരണം ചെയ്ത കിയോസ്കുകള്‍ പല പഞ്ചായത്തുകളും സ്ഥാപിച്ചിട്ടില്ല. ഇനിയും പഞ്ചായത്തുകള്‍ ഈ കിയോസ്കുകള്‍ ഉപയോഗിക്കാതിരുന്നാല്‍ അവ തിരിച്ചെടുക്കുന്നതിനു നടപടി സ്വീകരിക്കും.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു മുന്നോടിയായി ജില്ലയിലെ കുഴല്‍ കിണറുകളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സ്കൂള്‍ കുട്ടികള്‍ വ്യാപകമായി ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബോധവത്ക്കരണം നടത്തണമെന്ന് പ്രൊഫ. ജയരാജ് എം.എല്‍.എ പറഞ്ഞു. പോലീസും വിദ്യാഭ്യാസ വകുപ്പും സഹകരിച്ച് നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അനധികൃതമായി നടക്കുന്ന സ്വകാര്യ കുടിവെള്ള കച്ചവടം ഭൂഗര്‍ഭ ജലവിതാനം ക്രമാതീതമായി താഴുന്നതിന് കാരണമാകുന്നുണ്ട്. ഇതിനെതിരെ നടപടി എടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്ന് ഷട്ടര്‍ ഉയര്‍ന്നു നില്ക്കുന്നതിനാല് കൃഷി നാശം ഉണ്ടാകുമെന്നും അതിനു നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സഖറിയാസ് കുതിരവേലി ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിന് സൗകര്യാര്‍ത്ഥം അനധികൃതമായി ഷട്ടറുകള്‍ കല്ലു വച്ച് ഉയര്‍ത്തുന്നതാണ് കാരണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞു. പോലീസ് സംരക്ഷണത്തോടെ ഷട്ടര്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഏറ്റുമാനൂരില്‍ കാരിത്താസ് കോമ്പൗണ്ടില്‍ പണിതിരിക്കുന്ന ജലസംഭരണയില്‍ വെള്ളം പമ്പ് ചെയ്യുന്നതിനും അടിവാരം ബലപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ഏറ്റുമാനൂര്‍ നഗരസഭാദ്ധ്യക്ഷന്‍ ജോയി മന്നാമല ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്-189/18)
- Log in to post comments