Skip to main content

കോവിഡ് 19: അതിവേഗം രോഗവിമുക്തി, ആദ്യ രോഗി ആശുപത്രി വിട്ടു

ജില്ലയില്‍ ആദ്യത്തെ കോവിഡ് 19 പോസിറ്റീവ് കേസായി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിചരണത്തില്‍ കഴിഞ്ഞിരുന്ന പ്രാക്കുളം സ്വദേശി (ജ1) രോഗം പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസിനും ആശുപത്രി അധികൃതര്‍ക്കും തൃക്കരുവ പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തകര്‍ക്കും ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ദുബായില്‍ നിന്നും എത്തിയ ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായി കണ്ടതോടെ  മാര്‍ച്ച് 27 ന് വിദഗ്ധ പരിചരണത്തിനായി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സൂക്ഷ്മമായ പരിശോധനകളുടേയും വിദഗ്ദ്ധമായ പരിചരണത്തിന്റെയും കരുതലിന്റെയും പത്തു നാളുകള്‍. അഭിമാനനേട്ടമായി രണ്ടും മൂന്നും സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളജ് സ്റ്റാഫിനും ഫീല്‍ഡ് തലം മുതല്‍ സാമ്പിള്‍ പരിശോധനവരെയും, പോസിറ്റീവ് റിസല്‍ട്ട് വന്ന ശേഷം  ആശുപത്രി ശുചീകരണം മുതല്‍ വീടുവീടാന്തരം നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വരെയും അനവരതം ഇടപെട്ട ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ക്കും ഒപ്പം നിന്ന പൊലീസ്, ഫയര്‍ഫോഴ്‌സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജനപ്രതിനിധികള്‍ എന്നിവര്‍ക്കും ഏറ്റവും ഫലപ്രദമായ തരത്തില്‍ ഏകോപനവും നിയന്ത്രണവും നിര്‍വഹിച്ച ജില്ലാ ഭരണകൂടത്തിനും കൂടുതല്‍ ശക്തമായി മുന്നോട്ടു പോകുവാനുള്ള ഊര്‍ജ്ജം പകരുന്നതാണ് അതിവേഗതയിലുളള രോഗവിമുക്തി.  രോഗപരിചരണത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
 

 

date