കോവിഡ് 19 പൊതുമേഖലാ സ്ഥാപനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടുകള്‍ കോവിഡിനായി ചെലവഴിക്കണം - ജില്ലാ കലക്ടര്‍
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സി എസ് ആര്‍ ഫണ്ട് (സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട്) ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കലക്‌ട്രേറ്റില്‍ ചേര്‍ന്ന പൊതുമേഖലാ സ്ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
ഫണ്ട് വിനിയോഗത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. ജില്ലയില്‍ ആവശ്യമെങ്കില്‍ കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ആധുനിക വത്കരിക്കുന്നതിനും ശ്രമങ്ങള്‍ തുടരുകയാണ്. കിടക്കകള്‍, വെന്റിലേറ്ററുകള്‍, മൊബൈല്‍ എക്‌സ്‌റേ, സ്‌കാനിങ് മെഷീനുകള്‍ എന്നിവ കൂടുതലായി സജ്ജീകരിക്കുന്ന കാര്യവും പരിഗണിക്കും. താത്കാലികമായി തിയറ്ററുകള്‍, ലാബുകള്‍ എന്നിവയും ഒരുക്കേണ്ടതുണ്ട്. ജില്ലയില്‍ 4000 കിടക്കകള്‍ സജ്ജീകരിക്കാനാണ് ആലോചിക്കുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 1000 കിടക്കകള്‍ തയ്യാറാക്കും. 700 ബെഡുകള്‍ മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പടെ തയ്യാറാക്കും. ആവശ്യമെങ്കില്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവ കോവിഡ് ചികിത്സക്ക് മാത്രമായുള്ള കേന്ദ്രങ്ങളാക്കാനും പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച വിശദമായ പദ്ധതിരേഖ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കും. സി എസ് ആര്‍ ഫണ്ട് വിനിയോഗിക്കുന്നതുമായുള്ള സന്നദ്ധത സ്ഥാപനങ്ങള്‍ അറിയിക്കണം.
ജനങ്ങളുടെ ആരോഗ്യത്തിനാണ് ജില്ലാ ഭരണകൂടം പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇത്തരം സാഹചര്യം നേരിടുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
- Log in to post comments