Skip to main content

കോവിഡ് 19 മത്സ്യബന്ധന മേഖലയില്‍ ഇളവുകള്‍

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 അടി മുതല്‍ 65 അടിവരെ നീളമുള്ള യന്ത്രവത്കൃത ബോട്ടുകള്‍ക്ക് പരമാവധി 10 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടും റിംഗ് സീന്‍ ഉള്‍പ്പടെയുള്ള എല്ലാ പരമ്പരാഗത യാനങ്ങള്‍ക്കും മെയ് നാലു മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനങ്ങളില്‍ ഏര്‍പ്പെടാം. റിംഗ് സീന്‍ യാനങ്ങളില്‍ പരമാവധി 20 മത്സ്യത്തൊഴിലാളികള്‍ മാത്രമേ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളൂ. മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളുടെ ഉടമ മത്സ്യബന്ധനത്തിന് പോകുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിലോ ഫിഷറീസ് സ്റ്റേഷനിലോ റിപ്പോര്‍ട്ട് ചെയ്ത് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കണം.
രജിസ്റ്റര്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍/യാനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍/യാനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാവുന്നതാണ്. മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ തൊഴിലാളികളും കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ നിബന്ധമായും പാലിക്കണം. യാനങ്ങളില്‍ സോപ്പ്/ഹാന്റ് സാനിറ്റൈസര്‍ എന്നിവ സൂക്ഷിക്കണമെന്നും എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1267/2020)

 

date