കോവിഡ് 19 ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ ഇന്നുമുതല്‍ എത്തിതുടങ്ങും: ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍
കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്യങ്കാവ് വഴി ഇന്ന്(മെയ് 05) രാവിലെ പത്തു മുതല്‍ എത്തിതുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്യങ്കാവ് ചെക്ക്‌പോസ്റ്റുവഴി എത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചവരെ മാത്രമേ ജില്ലയിലേക്ക് കടത്തി വിടുകയുള്ളൂ. പ്രതിദിനം 800 ഓളം പേര്‍ അതിര്‍ത്തി കടക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ആളുകളെ കടത്തിവിടുക.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് വിദേശത്ത് നിന്നും എത്തുന്ന പ്രവാസികളെ സ്വീകരിക്കാനും ജില്ല സജ്ജമായി. പ്രവാസികളെ പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ 15,000 ബെഡുകള്‍ തയ്യാറാക്കി വരുന്നു. നിലവില്‍ 7,902 ബെഡുകള്‍ പൂര്‍ണമായും സജ്ജീകരിച്ചിട്ടുണ്ട്. 4,574 റൂമുകള്‍ ഉള്ളതില്‍ 326 സിംഗിള്‍ ബാത്ത് അറ്റാച്ചഡ് റൂമുകളാണ്. ഇവയ്ക്ക് പുറമേ കൂടുതല്‍ താമസ സൗകര്യം ഉറപ്പാക്കാന്‍ 284 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മടക്കയാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന അതിഥി തൊഴിലാളികളുടെ കണക്കെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. ആകെ 9,269 പേരാണ് ജില്ലയില്‍ നിന്നും നാട്ടിലെത്താന്‍ തയ്യാറായി നില്‍ക്കുന്നത്.
മെയ് 10 ന് ബീഹാറിലേക്ക് കൊല്ലത്തു നിന്നും ആദ്യ ട്രെയിന്‍ പറപ്പെടും, ഇതില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പശ്ചിമ ബംഗാളിലേക്ക് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ ലഭ്യമാക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആര്യങ്കാവ് വഴി എത്തുന്നവരെ കോവിഡ് 19 പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമേ ജില്ലയിലെ തുടര്‍യാത്ര അനുവദിക്കുകയുള്ളു. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. കേരളത്തില്‍ എത്തുന്നവര്‍ വീടുകളിലോ ക്വാറന്റയിന്‍ സെന്ററുകളിലോ നിരീക്ഷണത്തില്‍ എത്തിക്കേണ്ടതുണ്ട്. അവര്‍ക്ക് ആവശ്യമായ യാത്രാ വാഹനങ്ങള്‍ ക്രമീകരിക്കും. ശാരീരിക ബുദ്ധിമുട്ട് ഉള്ളവര്‍ക്കും ശയ്യാവലംബകരായി എത്തുന്നവര്‍ക്കും വീല്‍ചെയറുകളും തുടര്‍ന്ന് യാത്ര ചെയ്യാന്‍ ആംബുലന്‍സും സജ്ജമായിരിക്കും. 25 ആംബുലന്‍സും 25 ടാക്‌സികളും ആര്യങ്കാവ് സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സജ്ജീകരിക്കും. വിവിധ വകുപ്പിലെ 75 ല്‍പ്പരം ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരുടെയും പത്തില്‍ കുറയാത്ത മെഡിക്കല്‍ സ്റ്റാഫിന്റെയും സാന്നിധ്യം ഉറപ്പ് വരുത്തും. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പ് വരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1280/2020)
- Log in to post comments