കോവിഡ് 19 മറുനാട്ടില്‍ നിന്നും മലയാളിയെത്തുമ്പോള്‍ കടക്കേണ്ടത് അഞ്ച് കടമ്പ
ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ അടക്കമുള്ളവര്‍ എത്തുന്നവര്‍ അതിര്‍ത്തിയില്‍ കടക്കേണ്ടത് അഞ്ച് കടമ്പകള്‍. നാലു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്രീനിംഗ് ഡെസ്‌കുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആദ്യമായി രണ്ടു സ്‌ക്രീനിംഗ് ഡെസ്‌ക്കുകളിലൂടെയാണ് എത്തിച്ചേരുന്ന ഓരോ വ്യക്തിയും കടന്ന് പോകേണ്ടത്. ഇവരെ ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കും. ഫ്ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചുള്ള ശരീരോഷ്മാവ് പരിശോധന. തുടര്‍ന്ന് വെര്‍ബല്‍ സ്‌കാനിങിന്റെ ഭാഗമായി ഒന്‍പത് ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പൂരിപ്പിച്ച് വാങ്ങുകയും ചെയ്യും. ഇവരില്‍ രോഗലക്ഷണമുള്ള വ്യക്തികളെ നേരിട്ട് ഡോക്ടേഴ്സ് ഡെസ്‌കില്‍ എത്തിക്കുകയും സാമ്പിള്‍ എടുത്തശേഷം ജില്ലാ കണ്‍ട്രോള്‍ റും മുഖേന ആശുപത്രി ഐസോലേഷനിലേക്ക് അയയ്ക്കുകയും ചെയ്യും.
പനിയില്ലാത്തവരെ റവന്യു ഹെല്‍പ്പ് ഡെസ്‌ക്കിലേക്കാണ് അയയ്ക്കുക. തുടര്‍ന്ന് പൊലീസ് വെരിഫിക്കേഷനുശേഷം ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിക്കും.
ക്വാറന്റയിന്‍ രീതി തീരുമാനിക്കുന്നത് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക ഡെസ്‌ക്കായിരിക്കും. ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഒരു വോളന്റിയറും ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ആവശ്യമുള്ളപക്ഷം ആര്യങ്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍തന്നെ സ്രവ പരിശോധന നടത്തും. എ ബി സി മാനദണ്ഡമനുസരിച്ച് എ വിഭാഗത്തിലുള്ളവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്ക് അയയ്ക്കും. ബി, സി വിഭാഗങ്ങളില്‍ ഉള്ളവരെ കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേയ്ക്കും റഫര്‍ ചെയ്യും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സ്രവം എടുക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വീട്ടില്‍ ധാരാളം വായു സഞ്ചാരമുള്ള ബാത്ത് അറ്റാച്ച്ഡ് മുറിയില്‍ ഒറ്റയ്ക്ക് കഴിയണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വൃക്ക രോഗികള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവരുമായി ഒട്ടും സമ്പര്‍ക്കം പാടില്ല. വീട്ടില്‍ ആവശ്യമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തപക്ഷം ഇത്തരക്കാര്‍ക്കും കൊറോണ കെയര്‍ സെന്ററുകള്‍ പരിചരണത്തിനായി ഉപയോഗപ്പെടുത്താം.
ഏകദേശം 16,000 ത്തിലധികം ആളുകളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത്. ഹോട്ട് സ്പോട്ടില്‍ നിന്നും എത്തുന്നവര്‍ക്കും മറ്റുദേശങ്ങളില്‍ നിന്നുള്ളവര്‍ക്കുമെല്ലാം പ്രത്യേകം പ്രോട്ടോക്കോള്‍ പ്രകാരമാവും പ്രവേശനം.
(പി.ആര്‍.കെ. നമ്പര്‍. 1281/2020)
- Log in to post comments