കോവിഡ് കെയര്‍ സെന്ററുകളില്‍ ശുചിത്വവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. രോഗ പ്രതിരോധത്തിനായി പ്രസ്തുത കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ശാസ്ത്രീയ സൗകര്യങ്ങള്‍ ഒരുക്കണം. ഭക്ഷണ വിതരണം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, വൈദ്യുതി-ജല ലഭ്യത ഉറപ്പാക്കല്‍ എന്നിവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകള്‍.
കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് മാനസികോല്ലാസത്തിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കണം. ദിനപ്പത്രങ്ങള്‍, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭ്യമാക്കണം. ടി.വി-സിനിമ കാണാനുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കാവുന്നതാണ്. സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനും റീച്ചാര്‍ജ്ജ് ചെയ്യാനും സൗകര്യങ്ങള്‍ ലഭ്യമാക്കണം. വ്യായാമം ചെയ്യാന്‍ നിരീക്ഷണത്തിലുള്ളവരെ പ്രേരിപ്പിക്കുകയും വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും വേണം.
കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചാര്‍ജ്ജ് ഓഫീസറെ നിയോഗിക്കണം. രാത്രിയും പകലും വളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കണം. സെന്റുകളില്‍ കഴിയുന്ന 10 മുതിര്‍ന്നയാളുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലാകണം ക്രമീകരണങ്ങള്‍. ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തന വിവരങ്ങള്‍ ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി എന്നിവരെ അറിയിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം.
പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആരെങ്കിലും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെങ്കില്‍ ആ വിവരം പൊലീസിലും ജില്ലാ ഭരണകൂടത്തെയും അറിയിക്കുകയും വേണം. കോവിഡ് കെയര്‍ സെന്ററുകളുടെ നടത്തിപ്പിനാവശ്യമായ ചെലവുകളുടെ കണക്കുകള്‍ ഡി.ഡി.എം.എയ്ക്ക് സമര്‍പ്പിക്കണം.
- Log in to post comments