ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ജില്ലയില്‍ നല്‍കിയത് കോടികണക്കിന് രൂപയുടെ സൗജന്യ വൈദ്യുതി
പോളി ഹൗസുകള്‍ക്കും സൗജന്യ സേവനം
കാര്‍ഷിക ഉല്പാദനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഇടപെടല്‍. 30 സെന്റില്‍ കുറയാത്ത സ്വന്തം ഭൂമിയില്‍ കൃഷിയിറക്കിയ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രത്യേകമായി കോടി കണക്കിന് രൂപയുടെ സൗജന്യ വൈദ്യുതി ലഭ്യമാക്കിയാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനം. മറ്റ് മാതൃകാ പദ്ധതികള്‍ക്കൊപ്പമാണ് സൗജന്യ വൈദ്യുതി സേവനം. 30 സെന്റില്‍ കുറയാത്ത സ്വന്തം ഭൂമിയില്‍ ചുരുങ്ങിയത് 75 ശതമാനവും കൃഷിയിറക്കിയവര്‍ക്കാണ് ആനുകൂല്യമെന്ന് ജില്ലാ കൃഷി ഓഫീസര്‍ പി. ടി ഗീത പറഞ്ഞു. ജില്ലയില്‍ നിലവില്‍ 34,296 ഗുണഭോക്താക്കളാണുള്ളത്. 2017-18 വര്‍ഷത്തില്‍ ജില്ലയില്‍ ഇത്തരത്തില്‍ 1.90 കോടിയുടെ വൈദ്യുതിയാണ് കര്‍ഷകര്‍ക്ക് സൗജന്യമായി
നല്‍കിയത്.
2018-19 ല്‍ 2.5 കോടി രൂപയുടെ വൈദ്യുതിയും ജില്ലയില്‍ സൗജന്യമായി ലഭ്യമാക്കി. 2020- 21 വര്‍ഷത്തില്‍ 1. 63 കോടി രൂപയുടെ വൈദ്യുതിയാണ് ഇതു വരെ സൗജന്യമായി നല്‍കിയിട്ടുള്ളത്. പച്ചക്കറി കൃഷി 10 സെന്റില്‍ കുറയരുതെന്നും വെറ്റില കൃഷി ചുരുങ്ങിയത് അഞ്ച് സെന്റിലെങ്കിലും വേണമെന്നുമാണ് സൗജന്യ വൈദ്യുതിയ്ക്കുള്ള നിബന്ധന. എന്നാല്‍ രണ്ട് ഹെക്ടര്‍ വരെയുള്ള എല്ലാ കാര്‍ഷിക വിളകള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. നെല്‍കൃഷി ചെയ്യുകയാണെങ്കില്‍ ഭൂമിയ്ക്ക് പരിധിയില്ല. 2015 മുതല്‍ ഒരു സെന്റ് മുതല്‍ 10 സെന്റ് വരെ വിസ്ത്യതിയിലുള്ള പോളി ഹൗസുകള്‍ക്കും സൗജന്യ വൈദ്യുതി നല്‍കുന്നുണ്ട്. ആറ് മാസം കൂടുമ്പോള്‍ പരിശോധന നടത്തിയാണ് ഗുണഭോക്താക്കളെ പരിഗണിക്കുന്നതും അനര്‍ഹരെ ഒഴിവാക്കുന്നതും. ജില്ലയിലെ അതത് കൃഷിഭവനുകളിലാണ് വൈദ്യുതി ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ കൃഷി ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തി ജില്ലാ ഓഫീസിലേക്ക് കൈമാറും. വിശദ പരിശോധനയ്ക്ക് ശേഷമാകും സൗജന്യ വൈദ്യുതി ആനുകൂല്യത്തിനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക. കൃഷിഭവനുകളില്‍ അപേക്ഷാ ഫോറം ലഭിയ്ക്കും.
- Log in to post comments