Skip to main content

കുടുംബശ്രീവഴി എല്ലാ പഞ്ചായത്തുകളിലും തൊണ്ടുതല്ലൽ യൂണിറ്റ് ആരംഭിക്കും: മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്

കയർ ജിയോ ടെക്‌സ്റ്റയിൽസ് സ്‌കൂളിന് തുടക്കം - 1000 യൂണിറ്റ് ആരംഭിക്കും - തൊഴിലുറപ്പിലൂടെ 100 കോടി രൂപയുടെ കയർ ഭൂവസ്ത്രം ഉപയോഗിക്കും ആലപ്പുഴ: കുടുംബശ്രീവഴി എല്ലാ പഞ്ചായത്തുകളിലും തൊണ്ടുതല്ലൽ യൂണിറ്റുകൾ ആരംഭിക്കുമെന്ന് ധനകാര്യ-കയർ വകുപ്പു മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. കയർ വികസന വകുപ്പ് ആലപ്പുഴയിൽ ആരംഭിച്ച കയർ ജിയോടെക്‌സ്റ്റയിൽസ് സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീവഴി 1000 തൊണ്ടുതല്ലൽ കേന്ദ്രങ്ങൾ ആരംഭിക്കും. അതിനുള്ള യന്ത്രങ്ങൾ നിർമിക്കാനുള്ള ഓർഡർ കയർ യന്ത്രനിർമാണ ഫാക്ടറിക്ക് നൽകിക്കഴിഞ്ഞു. യന്ത്രം സൗജന്യമായി നൽകും. ഉത്പാദിപ്പിക്കുന്ന ചകിരിയും ചകിരിച്ചോറും സംഭരിക്കും. ഇതുവഴി കയർമേഖലയിൽ കുടൂതൽ തൊഴിൽ ലഭിക്കും. ചകിരിപിരിയ്ക്കുന്നതിലൂടെ ലക്ഷംപേർക്ക് തൊഴിൽ ലഭിക്കും. യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ദിവസം 400 രൂപയെങ്കിലും ലഭിക്കും. ഈ വർഷം സംസ്ഥാനത്തിന് ആവശ്യമായ ചകിരി ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാകും. പണ്ട് കയറ്റുമതി ചെയ്യുന്ന കയറിന്റെ 99 ശതമാനം കേരളത്തിൽനിന്നായിരുന്നുവെങ്കിൽ ഇന്നത്് 20 ശതമാനമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നവീകരിക്കുന്ന കുളങ്ങളും തോടുകളും വീണ്ടും ചെളിയടിഞ്ഞ് പഴയ അവസ്ഥയിലാകുന്ന സ്ഥിതിയുണ്ട്. ഇവ സംരക്ഷിക്കുന്നതിന് കയർ ഭൂവസ്ത്രം ഉപകയോഗിക്കുകയാണ് ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയിലെ 40 ശതമാനം മെറ്റീരിയൽ കോസ്റ്റിന് ഉപയോഗിക്കണം. ഇതുവഴി വാങ്ങുന്ന കയർ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണും കുളങ്ങളും സംരക്ഷിക്കാം. 100 കോടി രൂപയുടെ കയർ ഭൂവസ്ത്രം ഉപയോഗിക്കും. കയർ ഭൂവസ്ത്രം ശാസ്ത്രീയമായി വിതാനിക്കാനുള്ള പരിശീലനമാണ് സ്‌കൂൾ വഴി നൽകുകയെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയിൽ കേന്ദ്രം 704 കോടി രൂപയാണ് കിട്ടാനുള്ളത്. കേരളം മാനദണ്ഡമനുസരിച്ചല്ല പണി ചെയ്തതെന്നാണ് പറയുന്നത്. തമിഴ്‌നാടിന് 2200 കോടി രൂപ അനുവദിച്ചപ്പോൾ നമുക്ക് 112 കോടിയേ നൽകിയുള്ളൂ. പുതിയ സാമ്പത്തികവർഷം പണം തരാമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞെങ്കിലും തന്നില്ല. കേന്ദ്രത്തിന്റെ തൊടുന്യായത്തിന് സമരത്തിലൂടെ മറുപടി നൽകേണ്ടി വരും. മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. മേയ് 25ന് നിയമസഭ അവസാനിക്കുന്നതിനു മുമ്പ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമസഭ തന്നെ പ്രമേയം പാസാക്കും. എന്നിട്ടും കണ്ണുതുറന്നില്ലെങ്കിൽ ഉശിരൻ സമരം കാണേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കയർകോർപറേഷൻ ചെയർമാൻ ആർ. നാസർ, കയർ യന്ത്രനിർമാണ ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, ഫോംമാറ്റിങ്‌സ് ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ, കയർഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. എൻ. സായികുമാർ, എസ്.എൽ. സജികുമാർ, വി.എസ്. മണി എന്നിവർ പ്രസംഗിച്ചു. എൻ.സി.ആർ.എം.ഐ. ഡയറക്ടർ ഡോ. കെ.ആർ. അനിൽ ക്ലാസെടുത്തു. 50 പേർ ഉൾപ്പെടുന്ന ആദ്യ ബാച്ചിന്റെ പരിശീലനം മൂന്നുദിവസം നീളും. വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകളോടൊപ്പം പ്രായോഗിക പരിശീലനമടക്കം നൽകും. സ്‌കൂളിന്റെ മേൽനോട്ടം നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും കയർഫെഡും സംയുക്തമായി നിർവഹിക്കും. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ, എൻജിനീയർമാർ, മേറ്റുമാർ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർക്ക് വിദഗ്ധ പരിശീലനം നൽകുകയാണ് സ്‌കൂളിന്റെ ലക്ഷ്യം. റസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമുകളും, നോൺ റസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്തുന്നതിനുള്ള സംവിധാനം സ്‌കൂളിലുണ്ട്. (പി.എൻ.എ. 1068/17)

 

date