Skip to main content

വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ ഇനി ശിശു സൗഹൃദം

വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനാക്കി മാറ്റിയതിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. അഡ്വ വി എസ് സുനില്‍കുമാറിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 1200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ഈ കെട്ടിടത്തില്‍ മുലയൂട്ടല്‍ മുറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിശ്രമസ്ഥലം, കളിയുപകരണങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നു. കൂടാതെ ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവ മുഖാന്തരം എത്തുന്ന കുറ്റകൃത്യ വാസനയുള്ള കുട്ടികള്‍ക്കായി കൗണ്‍സലിങ് മുറിയും സജ്ജമാക്കിയിരിക്കുന്നു. ഇതിനായി എസ് ഐ റാങ്കിലുള്ള ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍, അസിസ്റ്റന്റ് വെല്‍ഫയര്‍ ഓഫീസര്‍ എന്നിവരുടെ സേവനവുമുണ്ടാകും.
സംസ്ഥാന പൊലീസ് ആസ്ഥാനമാണ് കെട്ടിടം രൂപകല്‍പന ചെയ്തത്. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ വി കെ സുരേഷ് കുമാര്‍, ഡി പി സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി, തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍, എ സി പി വി കെ രാജു, ഐ എസ് എച്ച് ഒ ബോബിന്‍ മാത്യു, എസ് ഐ ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date