"കോപ്പ്മാർട്ട് " ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു
സഹകരണമേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡ് സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ബിൽഡിംഗിൽ ആരംഭിച്ച "കോപ്പ്മാർട്ട് " ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിവിധങ്ങളായ ഭക്ഷ്യ - ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിലൂടെ വില്‍പ്പന നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. ജില്ലയില്‍ ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെയാണ് പദ്ധതി പ്രകാരം തെരഞ്ഞെടുത്തിട്ടുളളത്.
സഹകരണ വിപണന രംഗത്ത് സഹകരണ മേഖലയുടെ നൂതന സംരംഭമാണ് കോപ്പ്മാർട്ട് എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ സഹകരണ ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഔട്ട്‌ലെറ്റുകൾ തുടങ്ങും. ഇതു വഴി ജനങ്ങൾക്ക് ഉൽപന്നങ്ങൾ വാങ്ങാവുന്നതാണ്. സഹകരണ ഉൽപ്പന്നങ്ങൾ ദേശീയ അന്തർദേശീയ വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉൽപ്പന്നങ്ങളെ ഒരു കുടക്കീഴിലാക്കി വിപണിയിൽ ലഭ്യമാക്കുന്നതിനായി ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ് ഓഫ് കോപ്പറേറ്റീവ് പ്രൊഡക്ട്സ് എന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് സഹകരണ ഉൽപ്പന്നങ്ങൾക്ക് വിപണന സാധ്യത ലഭിക്കുന്ന ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചേവായൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നടന്ന പരിപാടിയില്‍ ബാങ്ക് ചെയർമാൻ അഡ്വ ജി സി പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ടി.ജയരാജന്‍ ആദ്യ വില്‍പ്പന നടത്തി. ജോയിൻ രജിസ്റ്റർ ടി ജയരാജൻ, അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ എം ഷീജ, കാലിക്കറ്റ് ടൗൺ ബാങ്ക് ചെയർമാൻ വിശ്വനാഥൻ, വൈസ് ചെയർമാൻ പി കെ പുഷ്പരാജ്, യൂണിറ്റ് ഇൻസ്പെക്ടർ പി കെ സുഗത, അസിസ്റ്റൻറ് ഡയറക്ടർ ടി എസ് ജോൺസൻ, ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ജനറൽ മാനേജർ ടി എം രാജീവ്, ഇൻസ്പെക്ടർ എം ജെ അനൂജ്, ടൗൺ എസ് സി ബി ജി എം സുനിൽകുമാർ, പെരുമണ്ണ എസ് സി ബി പ്രസിഡൻറ് ഫസൽ, ഒളവണ്ണ എസ് സി ബി പ്രസിഡൻറ് കെ കെ ജയപ്രകാശ്, മുക്കം എസ് സി ബി ഡയറക്ടർമാരായ അബ്ദുള്ള, ബൈജു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments