Skip to main content

ഇന്ധന വില്പന ശാലകള്‍ക്ക് മൂലധന വായ്പ

പട്ടികജാതി വിഭാഗത്തില്‍പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവില്‍ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനായി പ്രവര്‍ത്തനമൂലധന വായ്പ നല്‍കാന്‍ പരിഗണിക്കുന്നതിനായി കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം

അപേക്ഷകന്റെ കുടുംബ വാര്‍ഷികവരുമാനം ആറ് ലക്ഷം രൂപ കവിയരുത്.  പ്രായം 60 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കേണ്ടതാണ്. സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷികവരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ നവംബര്‍ 20 നുള്ളില്‍ ലഭിക്കത്തക്കവണ്ണം അയയ്ക്കണം.

date