Skip to main content

തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചുമതലയേല്‍ക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നിഷ്പക്ഷവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനായി കമ്മീഷനെ സഹായിക്കാന്‍ ഉയര്‍ന്ന റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷകരായെത്തും. വോട്ടെടുപ്പ് ദിനത്തിലെ ബൂത്തുപിടിക്കല്‍, വോട്ടര്‍മാരെ തടയല്‍ തുടങ്ങി വോട്ടെടുപ്പ് മന്ദഗതിയിലാക്കുന്ന കാര്യങ്ങള്‍ തടയുക, ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസവും തെരെഞ്ഞെടുപ്പ് നടപടികള്‍ തടസ്സപ്പെടുന്ന മറ്റ് സാഹചര്യങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് നിരീക്ഷകര്‍ക്കുള്ള ചുമതലകള്‍.

വാര്‍ഡുകളെ സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ റിട്ടേണിങ് ഓഫീസര്‍മാരില്‍ നിന്നും ശേഖരിക്കുന്നതോടൊപ്പം വാര്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങളും നിരീക്ഷകര്‍ വിലയിരുത്തും. തെരഞ്ഞെടുപ്പിനായി വരുന്ന ചെലവുകളുടെ ക്രമീകരണം, മാത്യകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവയും ഇവരുടെ നിരീക്ഷണ പരിധിയില്‍ വരും. ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരുമായി ചേര്‍ന്ന് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും നിരീക്ഷകര്‍ സ്വീകരിക്കും. നിരീക്ഷകന് തന്റെ പരിധിയിലുള്ള വാര്‍ഡുകളിലെ റിട്ടേണിങ് ഓഫീസര്‍മാരും പ്രിസൈഡിങ് ഓഫീസര്‍മാരും മറ്റ് പോളിങ് ഉദ്യോഗസ്ഥന്‍മാരും നിയമവിരുദ്ധമായി കമ്മീഷന്റെ ഉത്തരവ് പ്രകരമല്ലാതെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ക്രമസമാധാനം പാലിക്കുന്നതിന് നിയുക്തരായിട്ടുള്ള ഉദ്യോഗസ്ഥരോ നിഷ്പക്ഷവും നീതിപൂര്‍വുമായ തെരെഞ്ഞെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അവരെ മാറ്റി നിര്‍ത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിക്കാനും നിരീക്ഷകര്‍ക്കാവും. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥനെ നിരീക്ഷകര്‍ വിവരമറിയിക്കുകയും  കമ്മീഷന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് വിവരം ഉള്‍പ്പെടുത്തുകയും ചെയ്യും.

പോളിങ് ബൂത്തുകളില്‍ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ വന്നാല്‍ നിരീക്ഷകര്‍ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്ക് തുടര്‍ നിര്‍ദ്ദേശം നല്‍കും. വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വോട്ടിങ് യന്ത്രവും മറ്റ് രേഖകളും സുരക്ഷിതമായി എത്തിക്കുന്നുണ്ടോ എന്നും ഇവര്‍ ഉറപ്പ് വരുത്തും. ഏതെങ്കിലും പ്രദേശത്ത് പോളിങ് തടസ്സപ്പെടുകയോ വ്യാപകമായ തോതില്‍ കളളവോട്ട് നടക്കുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം വിലയിരുത്തി നിരീക്ഷകര്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വോട്ടെണ്ണല്‍ ദിവസം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട് ലഭിക്കുന്ന വാര്‍ഡുകള്‍ ഉള്‍ക്കൊളളുന്ന കൗണ്ടിങ് സെന്ററുകളില്‍ നിരീക്ഷകര്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. ഓരോ മണിക്കൂറിടവിട്ടും വോട്ടെണ്ണലിന്റെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിരീഷണ ഉദ്യോഗസ്ഥന്‍ നിര്‍ദേശമോ ഉത്തരവോ നല്‍കുകകയും ചെയ്യും.

 

date