മിനി പമ്പ: സുരക്ഷ ക്രമീകരണ യോഗം നടന്നു
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് സുരക്ഷ ക്രമീകരണ യോഗം നടന്നു. മിനി പമ്പയിലെ കെടിഡിസിയുടെ ആരാം ഓഡിറ്റോറിയത്തില്‍ തിരൂര്‍ ആര്‍ഡിഒ രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ക്രമീകരണങ്ങള്‍ സജ്ജമാക്കാനും തീരുമാനിച്ചു. കോവിഡ് 19 സാഹചര്യത്തില്‍ ശബരിമല ഭക്തക്കര്‍ക്കായി മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മിനി പമ്പയില്‍ ഒരുക്കുന്നത്.
ഡി.റ്റി.പി.സി യുടെ നേതൃത്വത്തില്‍ മിനി പമ്പയില്‍ ലൈറ്റിങ് സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കുകയും അലങ്കാര വെളിച്ചങ്ങള്‍ നവീകരിക്കുകയും ചെയ്യും. ദുരന്തനിവാരണ വകുപ്പിന്റെ സഹായത്തോടു കൂടി ഡി.ടി.പി.സി പുഴയുടെ ഇരു കരകളിലും സുരക്ഷാ ബാരിക്കേഡുകളും ബോര്‍ഡുകളും സ്ഥാപിക്കും. പ്രദേശത്ത് ആവശ്യമായ സൂചന ബോര്‍ഡുകളും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. രക്ഷാ പ്രവര്‍ത്തനത്തിനായി രാത്രിയും പകലും ലൈഫ് ഗാര്‍ഡുമാരെ നിയമിക്കും. ഭക്തക്കര്‍ക്ക് വിരിവെയ്ക്കാനുള്ള സൗകര്യവും ഒരുക്കും.തവനൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്യമിഷനോടൊപ്പം മിനി പമ്പയില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആവശ്യമായ വേസ്റ്റ് ബാസ്‌ക്കറ്റ് ബിന്നുകള്‍ തുടങ്ങിയവ സജ്ജമാക്കും.
മിനി പമ്പയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും പൊലീസ് സേവനം ഉണ്ടാകുകയും ചെയ്യും. ട്രോമാകെയര്‍ അംഗങ്ങളെയും പ്രദേശത്ത് വിന്യസിപ്പിക്കും. ലഹരി ഉപയോഗം തടയാന്‍ എക്‌സൈസ് വകുപ്പും ഭക്തരുടെ സുരക്ഷയ്ക്ക് 24 മണിക്കൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ സേവനവും മിനി പമ്പയില്‍ ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് പോസ്റ്റും തീര്‍ത്ഥാടന കാലയളവില്‍ ഉണ്ടാകും. ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് സംവിധാനവും മുഴുവന്‍ സമയവും ഉണ്ടാകും. കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ മിനി പമ്പയുടെ സമീപത്തും പാലത്തിന് മുകളിലും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്ര അധികാരികള്‍ കോവിഡ് പ്രോട്ടോേക്കാള്‍ ക്ഷേത്രത്തില്‍ നടപ്പിലാക്കും. പ്രദേശത്ത് വിവിധ ഭാഷകളില്‍ കോവിഡ് ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. അമ്പലത്തിനടുത്ത കടകളില്‍ ഭക്ഷണത്തിന്റെയും സാധനങ്ങളുടെയും ഗുണനിലവാരം ഉറപ്പു വരുത്താന്‍ ലീഗല്‍ മെട്രോളജി വകുപ്പും സിവില്‍ സപ്ലൈ വകുപ്പും പരിശോധന നടത്തും. തവനൂര്‍ വില്ലേജ് ബയോ ടോയ്‌ലറ്റ് സൗകര്യവും സജ്ജമാക്കും. മണ്ഡലകാലം മുഴുവന്‍ മിനി പമ്പയില്‍ ഒരു കോര്‍ഡിനേറ്ററിന്റെ സേവനവും ഉണ്ടാകും. യോഗത്തില്‍ പൊന്നാനി തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍, വില്ലേജ് ഓഫീസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments