അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ആന്റിഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം ഡിവിഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ആന്റിഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. നിലമ്പൂര്‍, മഞ്ചേരി മെഡിക്കല്‍ കോളജ്, സ്‌പെഷ്യല്‍ ബില്‍ഡിങ് സെക്ഷന്‍, പെരിന്തല്‍മണ്ണ, തിരൂര്‍, പരപ്പനങ്ങാടി, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി, വണ്ടൂര്‍ എന്നീ 10 ഡിവിഷന് കീഴിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ അവരുടെ കീഴിലെ ഓവര്‍സിയര്‍മാരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ച് അതത് അധികാരപരിധിയില്‍ പ്രവര്‍ത്തനം നടത്തും.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കെട്ടിടങ്ങള്‍, അവയുടെ മതിലുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങുകള്‍, കൊടി തോരണങ്ങള്‍, പരസ്യം, പോസ്റ്ററുകള്‍, നോട്ടീസ്, എഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് 48 മണിക്കൂര്‍ പരിധിയില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കുകയും നീക്കം ചെയ്യാത്തവ എടുത്തുമാറ്റുകയും ചെയ്യും.താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. സ്‌ക്വാഡ് രൂപീകരണത്തിന്റെ നോഡല്‍ ഓഫീസറായി അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനോദ് ചാലിലിനെ നിയമിച്ചു.
- Log in to post comments