തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ യോഗങ്ങള്‍ക്കും നിയന്ത്രണം
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും യോഗങ്ങള്‍ക്ക് നിയന്ത്രണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പുറമെ ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാന്‍ പൊലീസിന് കഴിയുന്ന തരത്തില്‍ യോഗം നടത്തുന്ന സ്ഥലവും സമയവും സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും അതത് പ്രദേശത്തെ പൊലീസ് അധികൃതരെ മുന്‍കൂട്ടി അറിയിക്കണം. മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും അനുയായികള്‍ തടസ്സപ്പെടുത്തുകയോ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് അതത് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തുകയും വേണം. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കെ ആ സ്ഥലത്തു കൂടി മറ്റൊരു കക്ഷി ജാഥ നടത്തരുത്. ഒരു കക്ഷിയുടെ ചുവര്‍ പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാനും പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. യോഗം നടത്താനുദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലില്ലെന്ന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണം. യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ അധികൃതരില്‍ നിന്ന് നേരത്തെ തന്നെ അനുമതി തേടണം. സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം. യോഗങ്ങള്‍ അവസാനിച്ചാല്‍ അവിടെ സ്ഥാപിച്ച മുഴുവന്‍ പ്രചാരണ സാമഗ്രികളും സംഘാടകര്‍ നീക്കം ചെയ്യണം. ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള നിയമവ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ അനുസരിച്ചാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്താല്‍ മൂന്നു മാസം വരെ തടവോ ആയിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി മുതല്‍ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്ന തീയതി വരെയുള്ള കാലയളവില്‍ രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇതുബാധകമാണ്.
- Log in to post comments