തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിക്കും ജില്ലാ കലക്ടര്‍
2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുമെന്നും ഇതിലൂടെ ഗണ്യമായ തോതില്‍ മാലിന്യം
കുറയ്ക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ താലൂക്ക് തല തഹസില്‍ദാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ഉത്തരവ് മൂലം നിരോധിച്ചിട്ടുള്ള ഒറ്റത്തവണ ഉപയോഗത്തിലുള്ള എല്ലാ പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഉല്‍പന്നങ്ങളുടെയും ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. കോവിഡ് 19 പശ്ചാത്തലത്തില്‍ സ്വന്തമായി കഴുകി അണുവിമുക്തമാക്കി ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശീലമാക്കാന്‍ ജീവനക്കാരെയും സ്ഥാനാര്‍ഥികളെയും പ്രേരിപ്പിക്കും. ഫ്‌ലക്‌സ്, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍, ഫ്‌ളക്‌സ് ബാനറുകള്‍ എന്നിവയ്ക്ക് പകരമായി പ്രകൃതിസൗഹൃദ വസ്തുക്കള്‍കൊണ്ടുള്ള പ്രചാരണ വസ്തുക്കള്‍ ഉപയോഗിക്കണം. ഇതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ട അറിവും പ്രേരണയും ജില്ലാ ശുചിത്വമിഷന്റെ സഹായത്തോടെ നല്‍കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ പ്രകൃതിസൗഹൃദ വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കുന്നതിന് പ്രാദേശിക നേതാക്കളുടെ യോഗങ്ങള്‍ സംഘടിപ്പിക്കും. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കും. പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു പൊതിഞ്ഞ ഇലക്ഷന്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് പകരം തുണിയോ പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളോ ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കും.
ഇലക്ഷന്‍ സാമഗ്രികള്‍ വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളിലെ സൂചന ബോര്‍ഡുകള്‍ പൂര്‍ണമായും തുണികളില്‍ പ്രിന്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കും. ഇവിടെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളം നിറക്കുന്നതിന് സംവിധാനമുണ്ടാക്കും. പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കും. തിരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ജീവനക്കാര്‍ക്കുള്ള ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞ് വിതരണം ചെയ്യുന്നതിന് കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തും. ആഹാരം കഴിക്കുന്നതിനും കുടിവെള്ളത്തിനുമായി പാത്രങ്ങളും കുപ്പികളും കയ്യില്‍ കരുതുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്കും കൗണ്ടിംഗ് ഏജന്റ്മാര്‍ക്കും പേപ്പറില്‍ നിര്‍മിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പോളിംഗ് ബൂത്തുകള്‍, ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍, കൗണ്ടിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും ജില്ലാ ശുചിത്വമിഷന്റെ സേവനം ലഭ്യമാക്കുമെന്നും ജില്ലയിലെ ഹരിത തിരഞ്ഞെടുപ്പ് ചുമതലയുള്ള നോഡല്‍ ഓഫീസറായി ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്ററെ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments