Skip to main content

കൃഷിഭൂമി വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ കൃഷിഭൂമി വായ്പാ പദ്ധതിയില്‍ പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി തുക.
അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 21 നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ കുടുംബ വാര്‍ഷിക വരുമാനം 98,000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വായ്പ ലഭിക്കുന്നവര്‍ വായ്പാ തുക കൊണ്ട് വരുമാനദായകമായ 30 സെന്റ് കൃഷിഭൂമിയെങ്കിലും വാങ്ങിയിരിക്കണം. മൊത്തം പദ്ധതി തുകയില്‍ പരമാവധി 50,000 രൂപ വരെ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡിയായി ലഭിക്കും. വായ്പാ തുക നിശ്ചിത കാലപരിധിക്കുള്ളില്‍ ആറ് ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണം. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ രണ്ട് ശതമാനം പിഴപ്പലിശ അടയ്ക്കണം. വാങ്ങുന്ന ഭൂമി കൃഷിക്കനുയോജ്യമായിരിക്കണം. അപേക്ഷകന്റേയും പങ്കാളിയുടെയും (ഭാര്യ/ഭര്‍ത്താവ്) കൂട്ടുടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യണം. വായ്പാ തിരിച്ചടവ് പൂര്‍ണമായി തീരുന്നതുവരെ കോര്‍പ്പറേഷന് പണയപ്പെടുത്തണം.
ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ ചെലവുകള്‍ ഗുണഭോക്താവ് വഹിക്കണം. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. അപേക്ഷകര്‍ വിവാഹിതരായിരിക്കണം. മുമ്പ് കോര്‍പ്പറേഷനില്‍ നിന്നും കൃഷിഭൂമി വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കരുത്. താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. ജാതി, കുടുംബ വാര്‍ഷിക വരുമാനം (ആറ് മാസത്തിനുള്ളില്‍ ലഭിച്ചത്), വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ മേയ് 20 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ നല്‍കണം. ബന്ധപ്പെട്ട രേഖകളില്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
പി.എന്‍.എക്‌സ്.1447/18

date