Skip to main content

ന്യുട്രീഷ്യന്‍ ക്ലിനിക്കുകള്‍ ജില്ലയിലും, ബ്ലോക്കുകളിലും കോര്‍പ്പറേഷനിലും ആഴ്ചയില്‍ രണ്ടു ദിവസം

 

 

വനിത ശിശു വികസന വകുപ്പിന്‍റെ ന്യുട്രീഷ്യന്‍ ക്ലിനിക്കുകള്‍ ജില്ലയിലും. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ക്ലിനിക്കുകളില്‍ കുട്ടികള്‍, കൗമാരപ്രായക്കാര്‍, വനിതകള്‍  എന്നിവര്‍ക്ക് പോഷകാഹാര സംബന്ധമായ സേവനങ്ങള്‍ ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചിരുന്നു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും തൃശൂര്‍ കോര്‍പ്പറേഷനിലും ഐ.സി.ഡി.എസ് പരിധിയില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസം പോഷകാഹാര വിദഗ്ധന്‍റെ സേവനം പദ്ധതിയുടെ ഭാഗമായി ലഭ്യമാകും. ഗര്‍ഭിണികള്‍, മുലയുട്ടുന്നവര്‍ എന്നിവരുടെ പോഷകാഹാര സംബന്ധമായ പ്രശ്നങ്ങളില്‍ ക്ലിനിക്ക് പ്രത്യേക ഊന്നല്‍ നല്‍കും.

 

പോഷകാഹാരത്തെ കുറിച്ചുള്ള ബോധവല്‍ക്കണം, പോഷകാഹാരാവശ്യങ്ങളുടെ വിലയിരുത്തല്‍, നിറവേറ്റുന്നതിനുള്ള സഹായം, കൗണ്‍സലിംഗ്, പോഷകാഹാരങ്ങള്‍ വികസിപ്പിക്കല്‍, ഭക്ഷണക്രമം നിര്‍ദേശിക്കല്‍ എന്നിവയാണ് ക്ലിനിക്കില്‍ ലഭിക്കുന്ന സേവനങ്ങള്‍. ജില്ലയില്‍ എല്ലാ ഐ.സി.ഡി.എസ് ഓഫീസുകളിലും ചൊവ്വന്നൂര്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലുമാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.

 

വനിത - ശിശു വികസന വകുപ്പിന്‍റെ വിപുലമായ പ്രവര്‍ത്തനശൃംഖല പ്രയോജനപ്പെടുത്തിയാണ് ക്ലിനിക്കിന്‍റെ സേവനങ്ങള്‍ ഗുണഭോക്താക്കളിലേക്കെത്തിക്കുക. ഇതിനായി പഞ്ചായത്ത് തല ഐസിഡിഎസ് സൂപ്പർവൈസർമാർ, അംഗൻവാടി പ്രവർത്തകർ, ഗുണഭോക്താക്കൾ എന്നിവരടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. ക്ലിനിക്കിൽ എത്തുന്നവർക്ക്  വനിതാ ശിശു വികസന വകുപ്പ് പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യും. ഗർഭകാലം കരുതലോടെ, നൽകാം അമ്മിഞ്ഞപ്പാൽ അമൃതം, ആരോഗ്യപൂർണമായ ശൈശവം,ബാല്യം ഊർജ്ജസ്വലതയോടെ, സമ്പുഷ്ടമാക്കാം  കൗമാരം എന്നിവയാണ് ഈ ലഘുലേഖകള്‍.

date