Skip to main content

സ്വയരക്ഷാ പരിശീലനത്തിന് വുമൺസ് സെൽഫ് ഡിഫൻസിൻ്റെ കൈത്താങ്ങ്

 

 

സ്ത്രീ സുരക്ഷയെ മുൻനിർത്തി  സ്വയരക്ഷാ പരിശീലനവുമായി വുമൺസ് സെൽഫ് ഡിഫൻസ്.  സ്ത്രീകൾക്ക് ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളിൽ നിന്നും സ്വയരക്ഷ നേടുന്നതിന് കായികവും മാനസികവും സാമൂഹികവുമായ പ്രതിരോധതന്ത്രങ്ങൾ അഭ്യസിപ്പിക്കുകയാണ് വുമൺ സെൽഫ് ഡിഫൻസ്. 2015-ൽ സംസ്ഥാനത്ത് 19 പൊലീസ് ജില്ലകളിലും ആരംഭിച്ച പദ്ധതി അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ തൃശൂർ ജില്ലയിൽ സിറ്റി, റൂറൽ പരിധികളിലായി രണ്ട് ലക്ഷത്തോളം സ്ത്രീകൾക്ക് പരിശീലനം നൽകി കഴിഞ്ഞു. കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് പരിശീലനം നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും ഓൺലൈനായി 

സ്വയരക്ഷാപാഠങ്ങളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകൾ നൽകുന്നതിനാണ് തീരുമാനം. 

 

സംസ്ഥാനത്ത് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി സ്ത്രീകൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നതിനാലും പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർധിച്ചു വരുന്നതിനാലുമാണ് വനിതാ പൊലീസിന്റ നേതൃത്വത്തിൽ ഇത്തരത്തിലൊരു പദ്ധതിയ്ക്ക് 

തുടക്കമിട്ടത്. ജില്ലയിലെ സിറ്റി, റൂറൽ പരിധികളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ എന്നിങ്ങനെ എല്ലാ സർക്കാർ, പൊതു മേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലും ഇതിനോടകം പരിശീലനം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സ്വയരക്ഷാപാഠങ്ങളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകൾ നൽകുകയും തുടർന്ന് മോഷണം, ഗാർഹികപീഠനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി സ്ത്രീകളും കുട്ടികളും അനുഭവിച്ചേക്കാവുന്ന അതിക്രമങ്ങളിൽ നിന്ന് രക്ഷനേടുന്നതിനായുളള കായിക പ്രതിരോധതന്ത്രങ്ങളും പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.

 

ഏഴ് വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് പരിശീലനം നൽകുന്നുണ്ട്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട് അവധിക്കാലങ്ങളിൽ കുട്ടികൾക്ക് സൗജന്യമായി സർട്ടിഫിക്കറ്റോടുകൂടിയ 17 മണിക്കൂർ പ്രതിരോധതന്ത്ര പരിശീലനവും മൂന്ന് മണിക്കൂർ മനഃശാസ്ത്ര ക്ലാസുകൾ, നിയമപരിരക്ഷ, പോക്സോ അവയർനെസ് ക്ലാസുകൾ എന്നിവയും നൽകിയിരുന്നു. തൃശൂർ ജില്ലയിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി കെ പ്രതിഭയ്ക്കും തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി ബി ഷിജി എന്നിവർക്കും മികച്ച സ്ത്രീ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ മെഡലും കൈവരിക്കാനായിട്ടുണ്ട്.

date