Skip to main content

സർക്കാർ ഓഫീസുകളിലെ ഹരിത ഓഡിറ്റിന് തുടക്കം

*പഞ്ചായത്ത് ഡയറക്ടറേറ്റിൽ മേയറും സംഘവും ഓഡിറ്റ് നടത്തി
സർക്കാർ ആഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ  പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രീൻ ആഫീസ് സർട്ടിഫിക്കേഷനും ഗ്രേഡും നല്കുന്നതിന്റെ ഭാഗമായി ഹരിത ഓഡിറ്റിന് സംസ്ഥാനത്ത് തുടക്കമായി. പബ്ലിക് ആഫീസ് കോമ്പൗണ്ടിലെ  പഞ്ചായത്ത് ഡയറക്ടറേറ്റിൽ മേയർ ആര്യ രാജേന്ദ്രനും സംഘവും നേരിട്ടെത്തിയാണ് ഓഡിറ്റ് നടത്തിയത്. ശുചിത്വവുമായി ബന്ധപ്പെട്ട പരിശോധനയിൽ മേയറുടെ ചോദ്യങ്ങൾക്ക്  പഞ്ചായത്ത് ഡയറക്ടർ ഡോ.പി.കെ. ജയശ്രീ  മറുപടി നൽകി.   ഹരിത ചട്ടങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന സർക്കാർ ഓഫീസാണ് പഞ്ചായത്ത് ഡയറക്ടറേറ്റെന്നും മറ്റ് ഓഫീസുകൾക്ക് മാതൃകയാണെന്നും മേയർ അഭിപ്രായപ്പെട്ടു.
പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോകോളിലും നിർമ്മിതമായതുൾപ്പെടെയുള്ള  ഡിസ്പോസിബിൾ  വസ്തുക്കളുടെയും നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളുടെയും ഉപയോഗനിരോധനം, ഓഫീസിൽ സ്ഥിര ഉപയോഗത്തിനായി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ, ജൈവ-അജൈവ പാഴ്‌വസ്തുക്കൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള പ്രത്യേകം ബിന്നുകൾ, ജീവനക്കാർ ബിന്നുകളിൽ മാലിന്യം തരംതിരിച്ചു നിക്ഷേപിക്കുന്നുണ്ടോ, ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ്/ബയോഗ്യാസ് ഉപാധികൾ സ്ഥാപിച്ചിട്ടുണ്ടോ,  കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളിൽ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം,  അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള സംവിധാനം,  ഇ-മാലിന്യം, ഉപയോഗശൂന്യമായ ഫർണിച്ചറുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യുന്നതിനും ദ്രവമാലിന്യ സംസ്‌കരണത്തിനുമുള്ള  സംവിധാനം, ശുചിമുറി സംവിധാനങ്ങൾ,  ഓഫീസ് നിർദ്ദേശക ബോർഡുകൾ, ജൈവ പച്ചക്കറിത്തോട്ടം, പൂന്തോട്ടം ഇവയുടെ പരിപാലനം എന്നിവയാണ് ഓഡിറ്റിന് വിധേയമാക്കിയത്.
ഹരിത ഓഡിറ്റിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ പഞ്ചായത്ത് ഡയറക്ടർ ഡോ.പി.കെ.ജയശ്രീ, അഡീഷണൽ ഡയറക്ടർ എം.പി അജിത് കുമാർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ജി. ഹരികൃഷ്ണൻ, ഹരിതകേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് ഹരികുമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 195/2021

date