പുതിയ ജനപ്രതിനിധികള്‍ക്കുള്ള പരിശീലന മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി
ജനുവരി 13,14,15,16 തീയതികളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള പരിശീലന മുന്നൊരുക്കങ്ങങ്ങള്‍ പൂര്‍ത്തിയായി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ (കില) ആഭിമുഖ്യത്തിലാണ് പരിശീലനം. 52 ഗ്രാമപഞ്ചായത്തുകള്‍ 8 ബ്ലോക്കുപഞ്ചായത്തുകള്‍, 2 മുനിസിപ്പാലിറ്റികള്‍ എന്നിങ്ങനെ ഇടുക്കി ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ പുതുതായി ചുമതലയേറ്റ ഭരണ സമിതി അംഗങ്ങള്‍ക്കാണ് നാല് ദിവസത്തെ പരിശീലനം. കോവിഡ് സാഹചര്യത്തില്‍ ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യത ഉപയാഗപ്പടുത്തിയാണ് പരിശീലന ശില്പശാല. അംഗങ്ങള്‍ക്ക് സാമൂഹ്യ അകലം പാലിച്ചിരുന്ന് ക്ലാസ്സുകളില്‍ പങ്കെടുക്കാനും, നോട്ടുകള്‍ കുറിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്്. രാവിലെ 10 മുതല്‍ 1.30 മണിവരെയാണ് ഗ്രാമപഞ്ചായത്തു പ്രതിനിധികളുടെ പരിശീലനം. 2 മണി മുതല്‍ 5.30 വരെ ബ്ലോക്ക്, മുനിസിപ്പാലിറ്റികളുടെ സമയമാണ്. സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ക്രമീകരണങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ പുസ്തകങ്ങള്‍, പാഡ്, പേന, ബാഗ് തുടങ്ങിയവയുടെ വിതരണം ജില്ലാ പ്ലാനിംഗ് ഓഫീസ് കേന്ദ്രീകരിച്ച് നടത്തിവരുന്നു. അനിവാര്യ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാമെന്ന വ്യവസ്ഥയോടെ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തിയ പെന്‍ഡ്രൈവും സെക്രട്ടറിമാര്‍ക്ക് എത്തിച്ചു നല്കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഒന്നാം ദിവസം പരിശീലന സമയത്തിനു മുമ്പ് ഉദ്ഘാടന സെഷന്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്് നടത്താം. സെക്രട്ടറി, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവരോടൊപ്പം കില റിസോഴ്സ് പേഴ്സണ്‍സും പരിശീലനകേന്ദ്രത്തില്‍ പൂര്‍ണ്ണസമയവും ഉണ്ടായിരിക്കും. ജനപ്രതിനിധികള്‍ എല്ലാവരും മുഴുവന്‍ സമയവും പങ്കെടുത്ത് പരിശീലനപരിപാടി പൂര്‍ണ്ണ വിജയമാക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു.
- Log in to post comments