നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന(എഫ് എൽ സി) അവസാനഘട്ടത്തിൽ
2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് അവസാനഘട്ടത്തിൽ. തൃശൂർ ഗവ എൻജിനീയറിങ് കോൺഫറൻസ് ഹാളിലെ പരിശോധന കേന്ദ്രം ജില്ലാ കലക്ടർ എസ് ഷാനവാസ് സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി.
4700 കൺട്രോൾ യൂണിറ്റുകളും 4700 ബാലറ്റ് യൂണിറ്റുകളും 5000 വിവിപാറ്റ് മെഷീനുകളുമാണ് ഇവിടെ പരിശോധനയ്ക്കായി ഒരുക്കിയിരുന്നത്. ഇതിൽ ബാലറ്റ് യൂണിറ്റുകളുടെയും കണ്ട്രോൾ യൂണിറ്റുകളുടെയും എഫ് എൽ സി 90% പൂർത്തിയാക്കി, വി വി പാറ്റ് മെഷീനുകളുടെ പരിശോധന തുടങ്ങി.
ഡിസംബർ 26ന് തുടങ്ങിയ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന വരുന്ന 10 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കും.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്ലെ 4 എൻജിനീയർമാർ അടങ്ങുന്ന സംഘമാണ് ഫസ്റ്റ് ലെവൽ ചെക്കിങ് നടത്തുന്നത്.
പ്രവർത്തനക്ഷമമായ മെഷീനുകളിൽ ഒ കെ സ്റ്റിക്കർ അടിക്കുകയും പ്രവർത്തനക്ഷമമല്ലാത്ത മെഷീനുകൾ കേടുപാടുകൾ തീർക്കുന്നതിനായി മാറ്റുകയും ചെയ്യുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്.
പരിശോധന കേന്ദ്രത്തിൻ്റെ സുരക്ഷാസംവിധാനങ്ങൾ,
സിസിടിവി ക്യാമറകളുടെ പ്രവർത്തനം, വെബ്കാസ്റ്റിംഗ്, മെറ്റൽ ഡിറ്റക്റ്റർ, ദേഹപരിശോധന, സാനിറ്റൈസേഷൻ, ലോഗ് ബുക്ക്
മെഷീനുകൾ എന്നിവ ജില്ലാ കലക്ടർ പരിശോധിച്ചു. ബിഎസ്എൻഎൽ സഹായത്തോടെയാണ് ബ്രോഡ് ബാൻഡ് കണക്ടിവിറ്റിയും സുരക്ഷാ ക്യാമറകളും എഫ് എൽ സി കേന്ദ്രത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
വിവിധ വകുപ്പുകളിലെ 20 ജീവനക്കാരാണ് ഫസ്റ്റ് ലെവൽ ചെക്കിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്. കൂടാതെ മെഡിക്കൽ, പൊലീസ്, ഫയർ ഫോഴ്സ് വകുപ്പുകളുടെ സേവനവും ഉറപ്പാക്കിയിരിക്കുന്നു. എഫ് എൽ സി നോഡൽ ഓഫീസർ ബിന്ദു ടി ജി, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
- Log in to post comments