Skip to main content

മസ്തിഷ്‌ക - ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 'നിരാമയ' സൗജന്യ ആരോഗ്യ ഇൻഷുറൻസ് 

 

 

 

സാമൂഹ്യനീതി വകുപ്പ്, നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതി എന്നിവ മസ്തിഷ്‌ക ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി നിരാമയ ഇന്‍ഷുറന്‍സില്‍ അര്‍ഹരെ അംഗമാക്കുന്നു. 

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിരാമയ. പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ പദ്ധതി പ്രകാരം ചികിത്സാ ആനുകൂല്യം ലഭിക്കും. ഏതു സര്‍ക്കാര്‍ ആശുപത്രിയിലും രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലും ഒ പി ചികിത്സയ്ക്കും കിടത്തി ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കും. ഏത് പ്രായക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം.

 

നിരാമയയില്‍ പുതുതായി ചേരുന്നതിനും ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും ഐ സി ഡി എസ്, ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും. കൂടാതെ അക്ഷയ കേന്ദ്രം മുഖേന എസ്  എന്‍ എ സിയുടെ manovikas@gmail.comkeralansac@gmail.com എന്നീ മെയിലുകളില്‍ അപേക്ഷിച്ചാല്‍ അപേക്ഷ ഫോം ലഭ്യമാകും.

എല്ലാവര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാര്‍ഡ് പുതുക്കണം. 

 

മാര്‍ച്ച് 31 വരെയാണ് നിരാമയ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ കാലാവധി. കാര്‍ഡ് പുതുക്കിയവര്‍ക്കു മാത്രമേ ക്ലെയിം ലഭ്യമാകൂ. പോളിസി പുതുക്കുന്നതിന് ഗുണഭോക്താവ് പണം അടക്കേണ്ടതില്ല. പദ്ധതിയുടെ പ്രീമിയം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

 

മസ്തിഷ്‌ക ഭിന്നശേഷി വിഭാഗക്കാരില്‍ പ്രായപൂര്‍ത്തിയായവരെയും അത്യാവശ്യ ഘട്ടങ്ങളില്‍ 18 വയസ്സില്‍ താഴെയുള്ളവരെയും സംരക്ഷിക്കുന്നതിനായുള്ള നാഷണല്‍ ട്രസ്റ്റാണ് നിയമപരമായ പരിരക്ഷ നല്‍കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ തുടങ്ങിയവക്കെല്ലാം നിയമപരമായ രക്ഷാകര്‍തൃത്വം (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) ആവശ്യമാണ്. ജില്ലാ കലക്ടറാണ് നിയമപരമായ രക്ഷാകര്‍ത്താവിനെ നിയോഗിക്കുക. 

 

ജില്ലയിൽ 25,000 പേരാണ് ഇത്തരത്തിൽ മസ്തിഷ്‌ക-ഭിന്നശേഷി വിഭാഗത്തിലുള്ളത്. ഇൻഷുറൻസിൽ ഭാഗഭാക്കാൻ ഇവരുടെ വിശദമായ കണക്ക് പത്ത് ദിവസത്തിനകം ശേഖരിക്കാൻ അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിനാണ് ഇവരുടെ മേൽനോട്ടം. 

 

നെഹ്റു യുവകേന്ദ്ര പോലെയുള്ള ക്ലബുകളുടെ സഹായവും ഇതിനായി ഉപയോഗിക്കും. പത്ത് ദിവസത്തിനുള്ളിൽ വിവര ശേഖരണം പൂർത്തിയാക്കി സോഷ്യൽ ജസ്റ്റിസ് ഓഫീസറെ അറിയിക്കണം. ആദിവാസി മേഖലയിൽ ഡവലപ്‌മെന്റ് ഓഫീസർമാരെയും

പ്രൊമോട്ടർമാരെയും ഇതിനായി നിയോഗിക്കും. അപേക്ഷ ഫോറം ലഭിക്കാതെ വരികയോ ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്യാൻ പറ്റാതെ വരികയോ ചെയ്താൽ അതത് വാർഡുകളിലെ ആശാവർക്കർമാരുമായോ പഞ്ചായത്ത് സെക്രട്ടറിമാരെയോ ബന്ധപ്പെടണമെന്നും കലക്ടർ അറിയിച്ചു.

date