ത്രിതല പഞ്ചായത്തുകളിലെ പദ്ധതി ഏകോപനം; യോഗം ചേര്‍ന്നു
ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയുടെ അധ്യക്ഷതയില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലയില്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു.
നടപ്പു വര്‍ഷ പദ്ധതികളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍, ഇത്തവണത്തെ പദ്ധതികളില്‍ ഉല്‍പ്പെടുത്താന്‍ പറ്റുന്ന പ്രവൃത്തികള്‍ ഈ വര്‍ഷവും മറ്റുള്ളവ അടുത്ത വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്താനും ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചു. പദ്ധതികള്‍ സമയബന്ധിതമായും സുഗമമായും നടപ്പാക്കാന്‍ മുഴുവന്‍ ജനപ്രതിനിധികളുടെയും സഹകരണമുണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുള്ള വീടുകളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട്, പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്താനും നിര്‍ദ്ദേശിച്ചു.
മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ക്രാഡില്‍ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലയിലെ 15 അങ്കണവാടികള്‍ മാതൃകാ അങ്കണവാടികളായി നവീകരിക്കല്‍, എനേബ്ലിംഗ് കോഴിക്കോടിന്റെ ഭാഗമായി ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കല്‍, മോഡല്‍ ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കല്‍, എസ് സി/എസ്ടി പദ്ധതിയായ 'ഉയരാം ഒന്നിക്കാം' പദ്ധതി തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ സമാഹരിച്ച് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.
നേരത്തെ രണ്ടു ഘട്ടങ്ങളിലായി നടന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ആര്‍ മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, ഡിഡിഇ വി. പി മിനി, ഡോ. എ നവീന്‍ തുടങ്ങിയ വിവിധ ജില്ലാ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments