Skip to main content

എന്റെ സുരക്ഷ എന്റെ അവകാശം ബാലാവകാശ വാരാചരണം 20 വരെ

കൊച്ചി: കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേത്യത്വത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, എറണാകുളം ജില്ലാ ഭരണകൂടം, കുടുംബശ്രീ മിഷന്‍, വിവിധ സോഷ്യല്‍വര്‍ക്ക് കോളേജുകള്‍ എന്നിവരുടെ സഹകരണത്തോടെ ഇന്നു മുതല്‍ (നവംബര്‍ 14) മുതല്‍ നവംബര്‍ 20 വരെ ജില്ലയില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

വിവിധ രീതിയിലുളള അതിക്രമങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും സമൂഹത്തിന്റെ സമ്പത്തായ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുക, കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ സമൂഹത്തിന്റെ പങ്ക് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദേശീയ ശിശു ദിനമായ നവംബര്‍ 14 മുതല്‍ അന്തര്‍ ദേശിയ ശിശുദിനമായ നവംബര്‍ 20 വരെ വാരാഘോഷം സംഘടിപ്പിക്കുന്നത്. വാഹനപ്രചാരണം, ഫ്‌ളാഷ്‌മോബ്, തെരുവുനാടകം, സൈക്കിള്‍ റാലി, കൂട്ടയോട്ടം, സെമിനാര്‍, പട്ടം പറത്തല്‍ എന്നിവയാണ് വിവിധ പരിപാടികള്‍.

ഇന്നു രാവിലെ 10.30 ന് കാക്കനാട് ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ ജില്ലാതല പ്രചരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍ നിര്‍വഹിക്കും. വാഹന പര്യടനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. നീനു അദ്ധ്യക്ഷത വഹിയ്ക്കും. അങ്കണവാടി കുട്ടികള്‍ക്കായി ജില്ലാതലത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ത്യക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ്, ടാബ്ലോ എന്നിവയും ഉണ്ടായിരിക്കും. 

കുട്ടികളുടെ സംരക്ഷണത്തിനായി നമുക്ക് കൈകോര്‍ക്കാം എന്ന ആശയം ഉയര്‍ത്തിപിടിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന വിവിധ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള വിവരണത്തോടെ 16 വരെയാണ് വാഹനപര്യടനം. ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള തത്സമയ പ്രശ്‌നോത്തരിയും ഇതോടൊപ്പം ഉണ്ടായിരിക്കും. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവയും അരങ്ങേറും. 17ന് കളമശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏകദിന സെമിനാറും 18ന് വൈകിട്ട് നാലിന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ഹൈക്കോടതി ജംഗ്ഷനിലേക്ക് സൈക്കിള്‍ റാലിയും സംഘടിപ്പിക്കും.

കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ ഞാനും പങ്കാളിയാകും എന്ന പ്രഖ്യാപനവുമായി പ്രമുഖര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം നവംബര്‍ 19 ന് രാവിലെ 7.30 ന് മറൈന്‍ ഡ്രൈവില്‍ നിന്നാരംഭിച്ചു ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സമാപിക്കും. പറക്കട്ടെ ഞാനും ആകാശം മുട്ടെ എന്ന സന്ദേശവുമായി  വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 19 നു വൈകിട്ട് 4.00 മണിക്ക് ഫോര്‍ട്ട് കൊച്ചി ബിച്ചില്‍ വച്ച് പട്ടം പറത്തല്‍ മത്സരവും നടത്തും. എന്റെ സുരക്ഷ എന്റെ അവകാശം എന്ന വിഷയത്തില്‍ സ്‌കൂള്‍തല പോസ്റ്റര്‍ നിര്‍മാണ മത്സരം, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം എന്നിവയും സംഘടിപ്പിക്കും. ജില്ലാതല പ്രചാരണ പരിപാടിയുടെ സമാപനം നവംബര്‍ 20ന് കളക്ടറേറ്റില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2609177, 8281899466 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.ബി. സൈന അറിയിച്ചു. ഇ മെയില്‍ dcpuernakulam@gmail.com

date