ആശ്വാസനിധി മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചു
*പദ്ധതിയ്ക്ക് പുതുതായി അനുവദിച്ചത് 27.50 ലക്ഷം രൂപ
അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ധനസഹായം നൽകുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അർഹരായ മുഴുവൻ പേർക്കും ധനസഹായം അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഗാർഹിക അതിക്രമങ്ങൾ ഉൾപ്പെടെ പീഡനത്തിനിരയായവരുടെ പുനരധിവാസത്തിനായി 27.50 ലക്ഷം രൂപയുടെ അനുമതിയാണ് നൽകിയത്. 2018ൽ ആശ്വാസനിധി പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷിച്ച 95 പേരെ പ്രത്യേകം പരിഗണിച്ച് ധനസഹായം നൽകിയതോടെയാണ് അപേക്ഷിച്ച മുഴുവൻ പേർക്കും സഹായം ലഭിക്കുന്നത്. തൃശൂർ 27, പാലക്കാട് 14, തിരുവനന്തപുരം 11, പത്തനംതിട്ട 5, ആലപ്പുഴ 11, കോഴിക്കോട് 27 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ഈ പദ്ധതിയിലൂടെ ഇതുവരെ 359 പേർക്ക് 2.23 കോടി രൂപ അനുവദിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാർഹിക പീഡനം, ഹീനമായ ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങൾ അതിജീവിച്ചവർക്കാണ് ധനസഹായം നൽകുന്നത്. ഓരേ വിഭാഗത്തിന്റേയും തീവ്രതയനുസരിച്ച് 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ധനസഹായം അനുവദിക്കുന്നത്.
അതിക്രമങ്ങളിലൂടെ അടിയന്തരവും ഗുരുതരവുമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് ഈ സർക്കാർ ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്. ഗാർഹിക പീഡനത്താലുണ്ടാകുന്ന ശാരീരികവും മാനസികവുമായ പരിക്കുകൾ, മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് 25,000 രൂപ മുതൽ 50,000 രൂപ വരെയും, പോക്‌സോ ആക്ടിനു കീഴിലുള്ള ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങൾ, അതിക്രമം നിമിത്തം ഗർഭം ധരിച്ചവർ, അംഗഭംഗം, ജീവഹാനി, ഗർഭസ്ഥ ശിശുവിന്റെ നഷ്ടം, വന്ധ്യത സംഭവിക്കൽ, തീപ്പൊളളലേൽക്കൽ എന്നിങ്ങനെയുള്ള അതിക്രമങ്ങൾക്ക് 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയും, ആസിഡ് ആക്രമണം നേരിട്ടവർക്ക് 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെയുമാണ് തുക അനുവദിക്കുന്നത്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താൽ കുട്ടികളുടെ പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്ത്രീകളുടെ പരാതിയിൽ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നു. ഇവരുടെ റിപ്പോർട്ടും ശിപാർശയും ഉൾപ്പെടെ പരിശോധിച്ചാണ് സംസ്ഥാന തലത്തിൽ നിന്നു തുക അനുവദിച്ചു വരുന്നത്.
പി.എൻ.എക്സ്. 349/2021
- Log in to post comments