Skip to main content

കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിര  നിർമ്മാണം: ജനുവരി 25ന് യോഗം ചേരുന്നു

 

 

കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കൻ പാറയിൽ 10 കോടി രൂപ  ചെലവഴിച്ച് താലൂക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നു. ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 25 ന് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ്റെ അധ്യക്ഷതയിൽ യോഗം ചേരും. രാവിലെ 11ന് കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ഷാനവാസ്, നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, തഹസിൽദാർ പി എസ് ജീവ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

 

തദ്ദേശ മന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ നവീന രീതിയിലുള്ള കെട്ടിടമാണ് നിർമിക്കുക. അതിനു വേണ്ട മാർഗനിർദ്ദേശങ്ങളും മന്ത്രി ഉദ്യോഗസ്ഥരെ ആദ്യ യോഗത്തിൽ അറിയിച്ചിട്ടുണ്ട്. നാലേക്കർ സ്ഥലത്ത് നിർമിക്കുന്ന താലൂക്ക് ആസ്ഥാന മന്ദിരം 37,000 ചതുരശ്ര അടിയിൽ അഞ്ചു നിലകളിലാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ചുറ്റുമതിലിൻ്റെ നിർമാണമാണ് ആദ്യം ആരംഭിക്കുക. ആധുനിക നവീന രീതിയിലുള്ള കവാടം, പാർക്കിങ്, പൂന്തോട്ടം, ലാൻ്റ് സ്കേപ്പിങ്, രണ്ടാം ഗേറ്റ് എന്നിവയും ആസ്ഥാന മന്ദിരത്തിനുണ്ടാകും. 

 

കെട്ടിടത്തിനുള്ളിൽ നിശ്ചിത സ്ഥലത്ത് വിവിധ ഓഫീസുകളെ ഉൾപ്പെടുത്തും. വീഡിയോ കോൺഫറൻസ് ഹാളുമുണ്ടാകും. കെട്ടിടത്തിൽ താലൂക്ക് ഓഫീസ് പ്രവർത്തനത്തിനു മാത്രം 8500 ചതുരശ്ര അടി സ്ഥലം മാറ്റിവെയ്ക്കും. കെട്ടിടത്തോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ കാൻ്റീനും ഉണ്ടാകും. കോംപൗണ്ടിനുള്ളിൽ  പൊതുജനങ്ങൾക്കുപയോഗിക്കാനുള്ള ടോയ്ലറ്റ് ബ്ലോക്കും സജ്ജമാക്കും.

date