നടുവത്തിതോടിന്റെ നവീകരണത്തിന് നടപടികള്‍ അന്തിമഘട്ടത്തില്‍ ഉടന്‍ ഭരണാനുമതിയെന്ന് മന്ത്രി
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുള്ളവരുടെ സംരക്ഷണവും കാര്‍ഷികാഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ള താനൂര്‍ നടുവത്തിതോടിന്റെ നവീകരണത്തിന് നടപടികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് കോടി രൂപ വിനിയോഗിച്ച് നടുവത്തിതോട് നവീകരിച്ച് സംരക്ഷിക്കാനും വിസിബി കം ബ്രിഡ്ജ് സ്ഥാപിക്കാനുമുള്ള പദ്ധതിയ്ക്ക് എത്രയും വേഗത്തില്‍ ഭരണാനുമതി നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
താനൂര്‍ നഗരസഭയിലെ നടുവത്തിതോടിന്റെ സംരക്ഷണത്തിനും വിസിബി നിര്‍മാണത്തിനും 2019-20 ബജറ്റില്‍ എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തുക വകയിരുത്തിയിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായും ഫെബ്രുവരി 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. തോട് നവീകരണത്തിനും വിസിബി കം ബ്രിഡ്ജ് സ്ഥാപിക്കാനുമായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കികൊണ്ടിരിക്കുകയാണ്. നടുവത്തിത്തോടിന്റെ നവീകരണം ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്. തോട് സംരക്ഷിച്ച് നവീകരിക്കുന്നതോടെ വെള്ളപ്പൊക്ക ഭീഷണി തടയാനാകുമെന്നതിനൊപ്പം കുടിവെള്ള സ്രോതസ്സുകളിലേക്കും കൃഷിയിടങ്ങളിലേക്കും ജലമെത്തിക്കുന്ന പ്രധാനമാര്‍ഗ്ഗമായിത് മാറും. പദ്ധതി പ്രധാനപ്പെട്ടതാണെന്നും എത്രയും വേഗം പ്രവൃത്തി തുടങ്ങാനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ പറഞ്ഞു.
- Log in to post comments