Skip to main content

ഹരിത ഓഡിറ്റ് - ജില്ലാതല ഉദ്ഘാടനം നടത്തി

 

 

ജനുവരി 26 ന് 10000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ഹരിത ഓഡിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. ഹരിത ഓഡിറ്റ് പരിശോധനാ സൂചികയിലെ ചോദ്യങ്ങള്‍ ചോദിക്കുകയും ഓഫീസ് പരിശോധന നിര്‍വ്വഹിക്കുകയും ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യ മുക്തമാക്കി ഏറ്റവും വൃത്തിയോടെയും വെടിപ്പോടും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഓഫീസുകളിലേക്ക് വരുന്ന പൊതുജനങ്ങളിലേക്ക് വൃത്തിയുടെ സന്ദേശം പകരുന്നതിനും ഈ പ്രവര്‍ത്തനം സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഹരിത ഓഡിറ്റ് ടീം ഓഫീസ് പരിശോധന നടത്തി ഓഫീസിന് മാര്‍ക്ക് ഇടുകയും ഗ്രേഡിംഗ് നല്‍കുകയും ചെയ്തു. ഈ ഓഫീസിന് 92 മാര്‍ക്കോടെ എ ഗ്രേഡ് ആണ് ലഭിച്ചത്.

ജില്ലാ താലൂക്ക് തല ഓഫീസുകളുടെ പരിശോധനയുടെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലാണ് പരിശോധന ആരംഭിച്ചത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളും അവയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ പരിശോധനയും നടന്നുവരുന്നു. 100 ല്‍ 90 മാര്‍ക്കിന് മുകളില്‍ ലഭിക്കുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80-89 വരെ മാര്‍ക്ക് ലഭിച്ചവ ബി ഗ്രേഡും 70-79 വരെ മാര്‍ക്ക് ലഭിച്ചവ സി  ഗ്രേഡും നല്‍കുന്നു. 70 മാര്‍ക്കിന് താഴെ ലഭിക്കുന്നവ ഗ്രേഡ് ചെയ്യുന്നതല്ല. അവര്‍ക്ക് മറ്റൊരു അവസരം നല്‍കി വീണ്ടും ഗ്രേഡിംഗ് പ്രക്രിയയില്‍ പങ്കെടുക്കാം.  ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് ഹരിത ഓഡിറ്റ് സംബന്ധിച്ച് വിശദീകരിക്കുകയും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍  എം.സുനിത, നോഡല്‍ ഓഫീസറായ ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അയോണ തോമസ് തുടങ്ങിയവര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ നാസര്‍ ബാബു. ടി നന്ദി പറഞ്ഞു.

 

date