Skip to main content

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വെർച്വലായി നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യവും നീതിയുക്തവുമായി  തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കും. തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കുള്ള വിശ്വസനീയത വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ  ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സമ്മതിദായക പ്രതിജ്ഞ ചൊല്ലികൊടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  ക്വിസ് മത്സരത്തിലെ തിരുവനന്തപുരം ജില്ലയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സി.ഇ.ഒ  വി.ആർ പ്രേംകുമാർ, അഡീഷണൽ സി.ഇ.ഒ മാരായ വി. സുരേന്ദ്രൻ പിള്ള, കെ. അശോക് കുമാർ, ജോയിന്റ് സി.ഇ.ഒ രമേശ് ചന്ദ്രൻ നായർ, സബ് കളക്ടർ എം.എസ് മാധവിക്കുട്ടി എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 419/2021

date