ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കർമ്മ പദ്ധതി
*സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിക്കും
*25 ആശുപത്രികളിൽ സൗജന്യ പരിശോധനയും ചികിത്സയും
2030 ഓടെ വൈറൽ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറൽ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (27ന്) ഉച്ചയ്ക്ക് 2.30ന് ഓൺലൈൻ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. 14 ജില്ലകളിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറൽ ആശുപത്രികളും ഉൾപ്പെടെ 25 ആശുപത്രികളിലും പ്രാദേശിക ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച സംയോജിത പദ്ധതിയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി. കോവിഡ്-19 സാഹചര്യങ്ങൾക്കിടയിലും സംസ്ഥാനത്തെ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്. ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ ദേശിയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ (NVHCP) ഭാഗമായാണ് വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് 25 ആശുപത്രികളിൽ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. ഗർഭിണികളിൽ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാൻ എല്ലാ സി.എച്ച്.സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറൽ ലോഡ് ടെസ്റ്റ് തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളിൽ നിന്നും സാമ്പിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സാ കേന്ദ്രങ്ങൾ:
തിരുവനന്തപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ, ആലപ്പുഴ ജനറൽ ആശുപത്രി,ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ, ഇടുക്കി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ, എറണാകുളം മെഡിക്കൽ കോളേജ്, തൃശൂർ ജനറൽ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, പാലക്കാട് മെഡിക്കൽ കോളേജ്, മലപ്പുറം ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ, മലപ്പുറം മെഡിക്കൽ കോളേജ്, വയനാട് ജനറൽ ആശുപത്രി, കൽപറ്റ, കോഴിക്കോട് ജനറൽ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളേജ്, കാസർഗോഡ് ജനറൽ ആശുപത്രി.
പി.എൻ.എക്സ്. 424/2021
- Log in to post comments