മുഖ്യമന്ത്രിയുടെ ജില്ലാതല പരാതിപരിഹാര അദാലത്ത്: അപേക്ഷകള്‍ ഇന്ന് കൂടി സമര്‍പ്പിക്കാം.
മുഖ്യമന്ത്രിയുടെ 'സാന്ത്വന സ്പര്‍ശം' അദാലത്തിലേക്ക് അപേക്ഷ ഇന്ന്(ജനുവരി 28) കൂടി നല്‍കാം. അക്ഷയകേന്ദ്രങ്ങള്‍ വഴിയും, ഓണ്‍ലൈനായി www.cmo.kerala.gov.in എന്ന വെബ്‌സൈറ്റിലും പൊതുജനങ്ങള്‍ക്ക് സ്വന്തമായി അപേക്ഷ നല്‍കാം. അക്ഷയ വഴി നല്‍കാനാവത്തവര്‍ക്ക് വില്ലേജ് ഓഫീസുകള്‍ പഞ്ചായത്ത് ഓഫീസുകള്‍ മുഖേനയും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. അദാലത്തിലേക്ക് ജില്ലയില്‍ ഇന്നലെവരെ 1165 പരാതികള്‍ ലഭിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളിലാണ് അദാലത്ത്. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ നേരിട്ട് അദാലത്തില്‍ പങ്കെടുക്കും. ഫെബ്രുവരി ഒന്നിന് കൊല്ലം താലൂക്കില്‍ ശ്രീനാരായണ കോളേജിലാണ് അദാലത്ത്. കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുളിലേത് ഫെബ്രുവരി രണ്ടിന് ഗവ. എച്ച്.എസ്.എസ് പുനലൂരിലും, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലേത് ഫെബ്രുവരി നാലിന് കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളിലും നടക്കും.
അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ യഥാസമയം ന്യായമായ പരിഹാരം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. നല്‍കിയ പരാതിയുടെ ഫലപ്രാപ്തി അപേക്ഷകന് വ്യക്തമായി മനസിലാക്കുന്ന മറുപടി നല്‍കണമെന്ന് നിര്‍ദേശമുണ്ട്. പരാതി സംബന്ധിച്ച പുരോഗതി അറിയുന്നതിനായി ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പദവിയും വിശദാംശങ്ങളും മറുപടിയില്‍ ഉണ്ടാകും. പരിഗണിക്കാനോ പരിഹരിക്കാനോ കഴിയാത്ത പരാതികളുണ്ടെങ്കില്‍ അതിന്റെ കാരണം മറുപടിയില്‍ രേഖപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ തീരുമാനമുണ്ടാകും. ഈ വിഭാഗത്തില്‍ പതിനായിരം രൂപ വരെ സഹായം നല്‍കേണ്ട അപേക്ഷകളില്‍ ജില്ലാ കലക്ടര്‍ക്ക് തീരുമാനമെടുക്കാം. 10,000 രൂപയ്ക്ക് മുകളിലുള്ള തുകകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തുടര്‍ നടപടികള്‍ എടുക്കും.
ജില്ലാതലത്തില്‍ പരിഹരിക്കാവുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇവ അദാലത്തിന് മുന്‍പ് തീര്‍പ്പാക്കി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കും. അപേക്ഷകര്‍ക്ക് അദാലത്ത് ദിവസം മറുപടി ലഭിക്കും.
അപേക്ഷകര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വേണം മറുപടി നല്‍കേണ്ടതെന്ന് ഇത് സംബന്ധിച്ച് കൂടിയ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അപേക്ഷകര്‍ക്ക് ടോക്കണ്‍ എസ് എം എസ് മുഖേന നല്‍കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. തിരക്ക് ഒഴിവാക്കുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കും.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങള്‍ വേദിയില്‍ സജ്ജമാക്കും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരാതിക്കാരെ വേദിയില്‍ പ്രവേശിപ്പിക്കുക. മറ്റ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, തഹസീല്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.259/2021)
- Log in to post comments