സ്വപ്നവീടിന്റെ പ്രഭയിൽ ശശിധരനും കുടുംബവും, സമ്മാനവുമായി മുഖ്യമന്ത്രി
'ലൈഫി'ലൂടെ യാഥാർഥ്യമായ സ്വപ്നവീടിലേക്ക് വാഴോട്ടുകോണം പാപ്പാട് വള്ളുക്കോണത്ത് വീട്ടിൽ ശശിധരൻ-പ്രഭ ദമ്പതികൾ ചുവടുവെക്കുമ്പോൾ സാക്ഷിയായി എത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ.
ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകൾ യാഥാർഥ്യമായ പ്രഖ്യാപനദിവസമാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ പാപ്പാട്ടെ ശശിധരന്റെയും പ്രഭയുടെയും പുതിയ വീട്ടിൽ ആശംസകളുമായി മുഖ്യമന്ത്രി അതിഥിയായത്. പഴകിത്തകർന്ന വീടിൽ നിന്ന് സുരക്ഷിതമായ സ്വപ്നവീട്ടിലേക്ക് കാലുവെക്കുമ്പോൾ സന്തോഷം പങ്കിടാൻ മുഖ്യമന്ത്രിയും നാടും കൂടെയെത്തിയതിന്റെ ആഹ്ളാദത്തിലാണ് ഈ കുടുംബം. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി ലഭിച്ച നാലുലക്ഷം രൂപയാണ് പുതുവീട് പടുത്തുയർത്താൻ കൂലിപ്പണിക്കാരായ ഇവർക്ക് കൈത്താങ്ങായത്. ശ്രീഗണേശമെന്ന് പേരിട്ടിരിക്കുന്ന പുതിയ വീട്ടിൽ ഈ ദമ്പതികൾക്കൊപ്പം മക്കളായ മണികണ്ഠൻ, സിമി എന്നിവരും അനന്തരവരായ അഭിരാജും അഭിഷേകുമുണ്ട്.
ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വീട്ടിലെത്തി ആദ്യം അടുക്കളയിലെത്തി പാലുകാച്ചലിന് സാക്ഷിയായി. തുടർന്ന് സമ്മാനം കൈമാറിയശേഷം അൽപനേരം മുറിയിലിരുന്ന് വീട്ടുകാരോടും ജനപ്രതിനിധികളോടും സംസാരിച്ചശേഷം ആശംസകൾ അറിയിച്ചശേഷമാണ് മടങ്ങിയത്.
തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ്, വാർഡ് കൗൺസിലർ റാണി വിക്രമൻ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 463/2021
- Log in to post comments