Skip to main content

അപവാദപ്രചാരണങ്ങളിൽ ഭയന്ന് ജനങ്ങൾക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ല- മുഖ്യമന്ത്രി

*ലൈഫിലൂടെ രണ്ടര ലക്ഷം വീടൊരുക്കിയതിന്റെ പ്രഖ്യാപനം നിർവഹിച്ചു
അനാവശ്യ അപവാദപ്രചാരണങ്ങളിലോ ആരോപണങ്ങളിലോ ഭയന്ന് സർക്കാർ ജനങ്ങൾക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണക്കാരുടെ ജീവിതവും ജീവിത സാഹചര്യവും മെച്ചപ്പെടുത്തുന്ന കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിടവികസന പ്രവർത്തനമാണ് ലൈഫ് മിഷനിലൂടെ നടപ്പാക്കിയത്. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത പദ്ധതിയാണിത്. സംസ്ഥാനത്ത് വികസനം എങ്ങനെ വേണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണിത് രൂപം കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് വലിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. നിലവിൽ 85 ഭവനസമുച്ചയങ്ങൾക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതിൽ 52 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. അഞ്ചു സമുച്ചയങ്ങൾ രണ്ടു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. 32 എണ്ണം മെയ് മാസത്തോടെ പൂർത്തിയാക്കും.
അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീടുകളാണ് ലൈഫിലൂടെ ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം കഴിയാവുന്നിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ജീവനോപാധി കൂടി ഉറപ്പാക്കുന്നുമുണ്ട്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കലാണ് ലൈഫ് മിഷന്റെ ലക്ഷ്യം.
പാർപ്പിടരംഗത്ത് സർക്കാരുകൾ പല ഇടപെടലും നടത്തിയിട്ടുണ്ടെങ്കിലും പാർപ്പിടപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനായാണ് ഇത്തരമൊരു കൂട്ടായ ഇടപെടൽ നടത്തിയത്.
രണ്ടരലക്ഷം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ചാരിതാർഥ്യത്തിലാണ് സർക്കാർ. ധാരാളം പേർ ഇപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്ന അവസ്ഥയുണ്ട്. ഇവർക്കും നല്ലരീതിയിൽ അന്തിയുറങ്ങാനുള്ള സാഹചര്യമൊരുക്കാൻ പ്രരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി തന്നെ ബാക്കിയുള്ള വീടുകൾ അതിവേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വീണ്ടും അവസരം നൽകിയപ്പോൾ ലഭിച്ച അപേക്ഷകളിൽ അർഹർക്ക് വീടുനൽകാനുള്ള നടപടിക്രമത്തിലാണ്.
അടിമാലിയിൽ 217 കുടുംബങ്ങൾക്കുള്ള ഭവനസമുച്ചയം നേരത്തെ ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു. ഇതിനുപുറമേ, എറണാകുളം അങ്കമാലിയിൽ 12 കുടുംബങ്ങൾക്കുള്ള സമുച്ചയവും കൈമാറി. വെങ്ങാനൂർ, കീഴ്മാട് തുടങ്ങിയ സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുൾപ്പെടെ നേരിട്ട് ഭവനങ്ങൾ നിർമിച്ചുനൽകി. കൂടാതെ, കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി 14 ഭവന സമുച്ചയങ്ങൾ നിർമിക്കുന്നുണ്ട്. മറ്റു വകുപ്പുകളുടെ ഭവനപദ്ധതികളും പുരോഗിക്കുന്നുണ്ട്.
വടക്കാഞ്ചേരി നഗരസഭയിൽ യു.എ.ഇ റെഡ് ക്രസൻറ് എന്ന സന്നദ്ധ സംഘടനയാണ് സ്പോൺസർഷിപ്പിലൂടെ നേരിട്ട് 140 ഫ്ളാറ്റുകൾ നിർമിക്കുന്നത്. ഭവനസമുച്ചയത്തിനൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രവും ഇവിടെ നിർമിക്കുന്നുണ്ട്. അവിടെയും വീടു നൽകാൻ സർക്കാർ ആത്മാർഥമായ പരിശ്രമം നടത്തിയെങ്കിലും ഇതൊന്നും ഇവിടെ നടക്കരുത്് എന്നാഗ്രഹിച്ചവർ അനാവശ്യ വിവാദങ്ങളുണ്ടാക്കി. നാടിനുണ്ടാകുന്ന നേട്ടങ്ങളെയും ഇടിച്ചുതാഴ്ത്താനും ജനങ്ങൾക്കുണ്ടാകുന്ന സൗകര്യങ്ങളെ അപഹസിക്കാനും വലിയ നുണപ്രചാരണം നടത്താൻ ഒരു കൂട്ടർ ശ്രമിക്കുന്നു. എന്നാൽ, ജനങ്ങളുടെ നിത്യ ജീവിതാനുഭവത്തിലുള്ള കാര്യത്തിൽ മറ്റെന്തെങ്കിലും പറഞ്ഞാൽ അതു ചെലവാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും കൂട്ടരുടെ അനാവശ്യ അപവാദപ്രചാരണങ്ങളിലോ ആരോപണങ്ങളിലോ ഭയന്ന് സർക്കാർ ജനങ്ങൾക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ല.
പാവപ്പെട്ടവരുടെയും ദുർബലരുടേയും കൈത്താങ്ങായി നിലയുറപ്പിച്ച് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുകയാണ് ഇത്തരം കാര്യങ്ങളിൽ സർക്കാർ ചെയ്യുന്നത്.
നമുക്ക് പരിമിതികൾ ഉണ്ടെങ്കിലും നാടിന്റെ വികസനവും ജനങ്ങൾക്ക് ഉപകാരപ്രദവും അനിവാര്യവുമായ ഇത്തരം പദ്ധതികൾ നടപ്പാക്കാതിരിക്കില്ല.  സമൂഹത്തിന്റെ പിന്തുണയോടെയാണ് ഇത്രയും വീടുകൾ പൂർത്തികരിച്ചത്. എല്ലാ വികസനപദ്ധതികളും പൂർത്തിയാക്കാൻ ഇത്തരം സഹകരണം ആവശ്യമാണ്.
വാർഡുതല സമിതികൾ പുനരുജ്ജീവിപ്പിച്ച് കോവിഡ് പ്രതിരോധം തദ്ദേശസ്ഥാപനങ്ങൾ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിനൊപ്പം തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡി: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ലൈഫ്മിഷൻ സി.ഇ.ഒ. യു.വി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
പി.എൻ.എക്സ്. 464/2021

 

date