റോഡ് സുരക്ഷ ഉറപ്പാക്കണം: ജില്ലാ കലക്ടർ
റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പാർലമെൻ്ററി റോഡ് സുരക്ഷാസമിതി യോഗത്തിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാതയിലും സാധാരണ റോഡിലുമെല്ലാം അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യങ്ങൾ മോട്ടോർ വാഹന വകുപ്പ് ഗൗരവമായെടുക്കണം. രാത്രികാലങ്ങളിൽ തൃശൂർ നഗരത്തിലടക്കം സൈലൻസർ പോലും ഇല്ലാത്ത ഇരുചക്രവാഹനങ്ങൾ അമിത വേഗതയിൽ ഓടി അപകടമുണ്ടാക്കുന്നുണ്ട്. ഒരാഴ്ചക്കകം ഇതിനെതിരെ നടപടിയെടുണമെന്ന് ബന്ധപ്പെട്ടവരോട് കലക്ടർ നിർദ്ദേശിച്ചു.
റോഡുകളിൽ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ നീക്കം ചെയ്യും. കുതിരാൻ ദേശീയ പാതയിൽ മോട്ടോർ വാഹന വകുപ്പിനൊപ്പം പോലീസിൻ്റെയും ശ്രദ്ധ വേണം. അതിരപ്പിളളി മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങി നിരവധി അപകടങ്ങളാണ് വാഹന യാത്രക്കാർക്കുണ്ടായിട്ടുള്ളത്. ഇത് വനം വകുപ്പുദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹരിക്കാനും നിർദ്ദേശിച്ചു.
ദേശീയ പാത കുതിരാനിലെ പണികൾ 3 മാസത്തിനകം പൂർത്തിയാക്കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതായും കലക്ടർ യോഗത്തെ അറിയിച്ചു. ചാലക്കുടി അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നടപടിയെടുക്കും. പാലിയേക്കര ടോൾ പ്ലാസയിൽ ഫ്രീ പാസ് സംവിധാനം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും കലക്ടർ അറിയിച്ചു.
ആർ ടി ഒ എം പി ജയിംസ്, സിറ്റി, റൂറൽ വിഭാഗം പ്രതിനിധികൾ, ഹൈവേ എക്സിക്യൂട്ടീവ് എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments