റോഡ് സുരക്ഷാ മാസാചരണം ; റോഡ് സുരക്ഷാ ബാധിത പരാതികൾ സ്വീകരിക്കുന്നു
റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം പൊതുജനങ്ങളിൽ നിന്നും റോഡ് സുരക്ഷയെ ബാധിക്കുന്ന പരാതികൾ സ്വീകരിക്കുന്നു. ജില്ലയുടെ പരിധിയിൽ വരുന്ന ഏതു പ്രദേശങ്ങളിലെയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അപാകതകൾ ചൂണ്ടിക്കാണിക്കുന്നതിനാണിത്. ഇങ്ങനെ പൊതുജനങ്ങളാൽ കണ്ടെത്തുന്ന സുരക്ഷാ ദീക്ഷണികൾക്ക് സമഗ്രമായ പ്രശ്ന പരിഹാരം നടപ്പാക്കുന്നതിനും അപകടരഹിത ജില്ലയാക്കി മാറ്റുന്നതിനുമാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
റോഡിൻ്റെ വശങ്ങളിൽ ശ്രദ്ധ തിരിയുന്നതിന് കാരണമായതും കാഴ്ച മറയ്ക്കുന്നതുമായ പരസ്യബോർഡുകൾ, മരച്ചില്ലകൾ, റോഡുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകൾ, ഗതാഗത തടസ്സം സൃഷ്ടിക്കുന്ന കുഴികൾ, സ്ലാബുകൾ ഇല്ലാത്തതോ പൊട്ടിപ്പൊളിഞ്ഞതോ ആയ ഓടകൾ, ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ട റോഡുകൾ, സുഗമമായ ഗതാഗതത്തിന് തടസ്സമായ പോസ്റ്റുകൾ മാറ്റേണ്ടവ, ചെടികളാൽ ചുറ്റപ്പെട്ടതും കാലപ്പഴക്കത്താൽ തെളിയാത്തതുമായ സൈൻ ബോർഡുകൾ ക്ലീൻ ചെയ്യേണ്ടവ, റോഡുകളുടെ വശങ്ങളിൽ അനാവശ്യമായി സ്ഥാപിച്ചതും ഒഴിവാക്കേണ്ടതുമായ സൈൻ ബോർഡുകൾ തുടങ്ങിയവയാണ് പ്രധാനമായും പരിഗണനയിൽ വരുന്നവ.
ഇവയ്ക്ക് പുറമെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളും അറിയിക്കാവുന്നതാണ്.
പരാതികൾ ജില്ലാ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ യുടെ rtoe08.mvd@kerala.gov.in എന്ന മെയിലിലേക്ക് അയക്കേതാണ്. പരാതികൾ അയയ്ക്കുമ്പോൾ പരാതിയുമായി ബന്ധപ്പെട്ട വിശദവിവരണം, കണ്ടെത്തിയ റോഡ് സുരക്ഷാ അപാകതയുടെ ഫോട്ടോ, സുരക്ഷാ ഭീക്ഷണി നിലനിൽക്കുന്ന സ്ഥലം, സുരക്ഷാ ഭീക്ഷണി നിലനിൽക്കുന്ന താലൂക്ക് അല്ലെങ്കിൽ ആർടിഒ ഓഫീസ്, സുരക്ഷാ ഭീക്ഷണി കണ്ടെത്തിയ ദിവസവും സമയവും തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. ഫെബ്രുവരി 17 വരെയാണ് പരാതികൾ അയയ്ക്കാനാവുക. അയയ്ക്കുന്ന പരാതികൾ വേഗത്തിൽ പരിശോധിക്കുന്നതിനായി മെയിലിനൊപ്പം #RoadSafetyMonth2021 എന്ന ഹാഷ്ടാഗ് കൂടി വയ്ക്കേണ്ടതാണ്.
- Log in to post comments